ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ ഉപകരാറെടുത്ത കമ്പനിയുമായി മകന് ബന്ധമില്ലെന്ന് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ.

ബ്രഹ്മപുരത്തെ ബയോമൈനിംഗ് ഉപകരാറിൽ കോൺഗ്രസ് നേതാവ് എൻ വേണുഗോപാലിന്‍റെ അടുത്ത ബന്ധുവിന് കമ്പനിയുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ആരഷ് മീനാക്ഷി എൻവയറോ കെയർ എന്ന കമ്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്നാണ് വേണുഗോപാൽ ഇന്നലെ പറഞ്ഞത്. ആരോപണങ്ങൾ നിഷേധിച്ചും കൊച്ചിയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ചിലരുടെ ഗൂഢാലോചന തനിക്കെതിരെ നടക്കുന്നതായും ഉന്നയിച്ചുമായിരുന്നു എൻ വേണുഗോപാലിന്‍റെ പ്രതികരണം.

സോണ്‍ട ഇൻഫ്രാടെക്ക് ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിന് ബയോമൈനിംഗിന്‍റെ ഉപകരാർ നൽകിയതിന്‍റെ സുപ്രധാന രേഖകൾ പുറത്തുവന്നിരുന്നു . 2021 നവംബറിലാണ് സോണ്‍ട ഇൻഫ്രാടെക്ക് ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിന് ഉപകരാർ നൽകിയത്. ഈ സ്ഥാപനത്തിനും ബയോമൈനിംഗിൽ പ്രവർത്തി പരിചയമില്ല. 54 കോടിയുടെ കരാറിൽ 22 കോടിയോളം രൂപക്കാണ് ഉപകരാർ നൽകിയത്. അതും  കൊച്ചി കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത്. 

ആരഷ് മീനാക്ഷി എൻവയറോകെയർ കമ്പനിയുടെ എം ഡി വെങ്കിട് മകന്റെ സുഹൃത്താണെന്നും വർഷങ്ങളായി ഇരുവരും തമ്മിൽ സൗഹൃദം ഉണ്ടെന്നും വേണുഗോപാൽ പറഞ്ഞു. കരാറിൽ മകൻ ഒപ്പ് വെച്ചിട്ടുണ്ടോ എന്ന കാര്യവും അറിയില്ലെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു. വെങ്കിടിന്‍റെ അച്ഛനുമായി തനിക്കും പരിചയമുണ്ട്. എന്നാൽ കമ്പനിയുമായി ബന്ധമില്ലെന്ന് എൻ വേണുഗോപാൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *