ഷാരൂഖ് ഖാന്‍റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്‍റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു ആസ്വാദകരെ സംബന്ധിച്ച് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍ പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. എന്നാല്‍ ട്രേഡ് അനലിസ്റ്റുകളെ തന്നെ അമ്പരപ്പിക്കുന്ന പ്രതികരണമാണ് ചിത്രം ആദ്യദിനം മുതല്‍ നേടിക്കൊണ്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ആരംഭിച്ച മുന്നേറ്റം ബോക്സ് ഓഫീസില്‍ ചിത്രം ഇപ്പോഴും തുടരുകയാണ്.
റിപബ്ലിക് ദിന തലേന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് അഞ്ച് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആയിരുന്നു ലഭിച്ചത്. ആ ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 542 കോടിയാണ് ചിത്രം കൊയ്തത്! ഇപ്പോഴിതാ റിലീസിന്‍റെ രണ്ടാം വാരാന്ത്യത്തിലേക്ക് എത്തുമ്പോഴും ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും പഴങ്കഥയാക്കുന്നുണ്ട്. റിലീസിന്‍റെ രണ്ടാം ശനിയാഴ്ചയില്‍ എത്തുമ്പോള്‍ ബോളിവുഡ് എക്കാലത്തെയും ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് പഠാന്‍. ഹിന്ദി പതിപ്പ് മാത്രം ഇന്ത്യയില്‍ നേടിയ കളക്ഷന്‍ 364.50 കോടിയാണ്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി കൂട്ടിയാല്‍ ഇത് 378.15 കോടിയാണ്. ചിത്രം നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ആമിര്‍ ഖാന്‍ ചിത്രം ദംഗലിനെ ഇന്ന് മറികടക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് കുറിച്ചു
അതേസമയം ഹിന്ദി ചിത്രങ്ങളിലെ എക്കാലത്തെയും വിജയ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് പഠാന്‍. രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളാണ് ലിസ്റ്റില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ബാഹുബലി 2, കെജിഎഫ് 2 എന്നിവയാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍.