ബോളിവുഡിന്റെ ബോക്‌സ് ഓഫിസ് കലക്‌ഷനിൽ ഏറ്റവും മോശം പ്രകടനവുമായി കഴിഞ്ഞ വാരം

ബോക്‌സ് ഓഫിസ് കലക്‌ഷനിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച വാരമാണു കഴിഞ്ഞത്. കഴിഞ്ഞ ആഴ്ച ഇറങ്ങിയ എല്ലാ സിനിമകളുടെയും കലക്‌ഷൻ ചേർത്തു വച്ചാൽ പോലും ഒരു കോടി രൂപയിലെത്തില്ല.

ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം നേടിയ ഓ മൈ ഗോഡ്, 102 നോട്ട് ഔട്ട് എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഉമേഷ് ശുക്ലയാണ് ആൻഖ് മിച്ചോലിയുടെ സംവിധാനം. പരേഷ് റാവൽ, അഭിമന്യു, മൃണാൽ താക്കൂർ, ശർമൻ ജോഷി, ദിവ്യ ദത്ത, വിജയ് റാസ്, അഭിഷേക് ബാനർജി, ഗ്രുഷ കപൂർ, ദർശൻ ജരിവാല എന്നിവർ അഭിനയിച്ച ചിത്രം എല്ലാ പ്രധാന മൾട്ടിപ്ലെക്സിലും റിലീസ് ചെയ്‌തെങ്കിലും പ്രേക്ഷകരെ ആകർഷിക്കാനായില്ല. ചിത്രത്തിന്റെ ആദ്യ ദിന കലക്‌ഷൻ പത്തു ലക്ഷത്തിലും താഴെയാണ്.

രാജ് കുന്ദ്രയുടെ പരീക്ഷണ ചിത്രമായ യുടി 69 അദ്ദേഹത്തിന്റെ തന്നെ സ്വന്തം ജീവിതകഥയാണ് പറയുന്നത്. ജയിലിൽ തനിക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകൾ അഭ്രപാളികളിൽ എത്തിക്കണമെന്ന കുന്ദ്രയുടെ ആഗ്രഹവും പ്രേക്ഷകർ ഏറ്റെടുക്കാതെ എട്ടുനിലയിൽ പൊട്ടുകയായിരുന്നു. 5 ലക്ഷം രൂപയിൽ താഴെയാണ് ചിത്രം ഇതുവരെ തിയറ്ററിൽനിന്നു നേടിയത്.

അർജുൻ കപൂറും ഭൂമി പെഡ്‌നേക്കറും അഭിനയിച്ച ലേഡി കില്ലറിന് സംഭവിച്ചത് ഇതിനൊക്കെ മേലെയാണ്. ഒടിടി പ്ലാറ്റ്ഫോമുമായുള്ള ധാരണ ഉണ്ടായിരുന്നതിനാൽ ചുരുക്കം ചില തിയറ്ററുകൾ മാത്രമാണ് റിലീസിനു ലഭിച്ചത്. ഡിസംബർ ഒടുവിൽ ഒടിടിയിൽ റിലീസ് ചെയ്യണം എന്ന നിബന്ധന പാലിക്കാൻ വേണ്ടി ചിത്രം ധൃതിപിടിച്ച് തിയറ്ററിൽ റിലീസ് ചെയ്യുകയായിരുന്നു. വെറും മുപ്പത്തിമൂവായിരം രൂപയാണ് അൻപതോളം സ്ക്രീനുകളില്‍ നിന്നായി ചിത്രത്തിനു ലഭിച്ചത്.

ഒക്ടോബർ 27 നു റിലീസ് ചെയ്ത ‘ട്വെൽത് ഫെയ്ൽ’ മാത്രമാണ് ബോളിവുഡിന് ആശ്വാസമായത്. ആദ്യ ആഴ്ചയിൽ 13 കോടി കലക്‌ഷൻ നേടിയ ചിത്രം രണ്ടാം ആഴ്ചയും മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു.

ദീപാവലി റിലീസ് ആയി നവംബർ 12നെത്തുന്ന സൽമാൻ ഖാന്റെ ബിഗ് ബജറ്റ് ചിത്രം ‘ടൈഗർ 3’യിലാണ് ഇനി ബോളിവുഡിന്റെ മുഴുവൻ പ്രതീക്ഷയും.

Leave a Reply

Your email address will not be published. Required fields are marked *