ബോളിവുഡിന്റെ തിരിച്ചെത്തൽ ‘പഠാന്‍’ ആയിരിക്കുമെന്ന് പൃഥ്വിരാജ്

സിനിമകളുടെ ബജറ്റിന്‍റെയും അവ നേടുന്ന സാമ്പത്തിക വിജയത്തിന്‍റെയും വലുപ്പത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ബോളിവുഡ്, ഏറെക്കാലം. എന്നാല്‍ കൊവിഡ് കാലം അക്കാര്യത്തില്‍ വ്യത്യാസങ്ങള്‍ വരുത്തി. ബാഹുബലിയില്‍ നിന്ന് ആരംഭിക്കുന്ന തെന്നിന്ത്യന്‍ സിനിമകളുടെ പാന്‍ ഇന്ത്യന്‍ തേരോട്ടം ഒരു തുടര്‍ച്ചയായപ്പോള്‍ തളര്‍ന്നത് ബോളിവുഡ് ആണ്. കൊവിഡിനു ശേഷം പഴയ മട്ടിലുള്ള വന്‍ ഹിറ്റുകള്‍ ആവര്‍ത്തിക്കാന്‍ ബോളിവുഡിന് സാധിക്കുന്നില്ല. എന്നാല്‍ ഹിന്ദി സിനിമാ വ്യവസായത്തെക്കുറിച്ചുള്ള തന്‍റെ പ്രതീക്ഷ പങ്കുവെക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ബോളിവുഡിന് തിരിച്ചുവരാന്‍ ഒരൊറ്റ ചിത്രം മതിയെന്ന് പറയുന്നു പൃഥ്വിരാജ്. ഫിലിം കമ്പാനിയന്‍റെ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് പൃഥ്വിരാജിന്‍റെ പ്രതികരണം.

ഒരു കാലത്ത് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഞങ്ങള്‍ ബോളിവുഡ് സിനിമകളെക്കുറിച്ച് സംസാരിച്ചിരുന്നു. എങ്ങനെയാണ് അവര്‍ ഇത്രയും വലിയ വിജയങ്ങള ഉണ്ടാക്കുന്നതെന്നും വിദേശ മാര്‍ക്കറ്റുകളിലേക്ക് കടന്നുകയറുന്നതെന്നും. അക്കാലം ഒരുപാട് പിന്നിലല്ല. ബോളിവുഡ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഒരു ഘട്ടമാണ്. ഒരു വലിയ ഹിറ്റ് സംഭവിക്കും. ചിലപ്പോള്‍ അത് പഠാന്‍ ആയേക്കാം, പൃഥ്വിരാജ് പറഞ്ഞു.

ബോളിവുഡില്‍ ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ് പഠാന്‍. 2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം എസ് ആര്‍ കെ നായകനായി സ്ക്രീനിലെത്തുന്ന ചിത്രമാണിത്. ജനുവരി 25 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. . 

Leave a Reply

Your email address will not be published. Required fields are marked *