ബംഗളൂരുവിൽ കബ്ബൺ റോഡിന് സമീപമുള്ള 1.16 ലക്ഷം ചതുരശ്ര അടി വാണിജ്യ സ്ഥലം വാടകയ്ക്ക് എടുത്ത് ടെക് ഭീമൻ ആപ്പിൾ. 10 വർഷത്തേക്ക് പ്രതിമാസം 2.43 കോടി രൂപയ്ക്കാണ് സ്ഥലം കരാറായത്. പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റുകളുടെ വാണിജ്യ കെട്ടിടമായ പ്രസ്റ്റീജ് മിൻസ്ക് സ്ക്വയറിലെ നാലാമത്തെയും ആറാമത്തെയും നിലകളുടെ ഒരു ഭാഗത്തോടൊപ്പം ഏഴ്, എട്ട്, ഒമ്പത് നിലകളും കമ്പനി പാട്ടത്തിനെടുത്തിട്ടുണ്ട്. കാർ പാർക്കിങ്ങിന് പ്രതിമാസം 16.56 ലക്ഷം രൂപയും കമ്പനി നൽകും.
മൂന്ന് വർഷം കൂടുമ്പോൾ വാടക 15 ശതമാനം വീതം വർധിപ്പിക്കും. അഞ്ച് വർഷം വീതമുള്ള മൂന്ന് അധിക കാലാവധികളിലേക്ക് പാട്ടം പുതുക്കാൻ കമ്പനിക്ക് അവസരമുണ്ട്. 2022 നവംബർ 28-നായിരുന്നു കരാർ ചർച്ചകൾ തുടങ്ങിയത്. 2023 ജൂലൈ 1-നാണ് വാടക കരാർ ആരംഭിക്കുക.