ബീവറേജ് ബിസിനസിൽ കാലുറപ്പിക്കാൻ അംബാനിയുടെ മകൾ

ഗുജറാത്ത് ആസ്ഥാനമായ സോസ്യോ ഹജൂരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഇക്വിറ്റി ഓഹരി ഏറ്റെടുക്കാൻ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്. സോസ്യോ’ എന്ന മുൻനിര ബ്രാൻഡിന് കീഴിൽ ഒരു ബിവറേജ് ബിസിനസ്സ് നടത്തുന്നത് ഹജൂരി കുടുംബം ആണ്. ശേഷിക്കുന്ന ഓഹരികൾ നിയന്ത്രിക്കുന്നത് നിലവിലുള്ള പ്രൊമോട്ടർമാരായ ഹജൂരി കുടുംബം തുടരും. 100 വർഷം പഴക്കമുള്ള ‘സോസ്യോ’ ബ്രാൻഡ്  1923 ൽ അബ്ബാസ് അബ്ദുൽറഹിം ഹജൂരി സ്ഥാപിച്ചു. കാർബണേറ്റഡ് ശീതളപാനീയങ്ങളും ജ്യൂസുകളും നിർമ്മിക്കുന്ന സ്ഥാപനം  അബ്ബാസ് ഹജൂരിയും മകൻ അലിയാസ്ഗർ ഹജൂരിയും ചേർന്നാണ് നടത്തുന്നത്. 

സോസ്യോ ഹജൂരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ സോസ്യോ, കാശ്മീര, ലെമി, ജിൻലിം, റണ്ണർ, ഓപ്പണർ, ഹജൂരി സോഡ, സിയൂ എന്നിങ്ങനെ നിരവധി പാനീയ ബ്രാൻഡുകൾ ഉണ്ട്. നൂറിലധികം രുചികൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കൾക്കും സോസ്യോയുടെ അതുല്യമായ രുചിയുള്ള പാനീയ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുമെന്നും ഞങ്ങളുടെ യാത്രയിലെ നിർണായക നിമിഷമാണിതെന്നും സോസ്യോ ഹജൂരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ അബ്ബാസ് ഹജൂരി പറഞ്ഞു.

സോസ്യോ ഹജൂരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യയിൽ ഉടനീളം 18 നിർമ്മാണ യൂണിറ്റുകളുണ്ട്. രാജ്യത്തുടനീളം ഇതിന് 16 ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകൾ ഉണ്ട്. യുഎസ്എ, യുകെ, കാനഡ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, യുഎഇ എന്നിവയുൾപ്പെടെയുള്ള വിദേശ വിപണികളിലേക്കും കമ്പനി കയറ്റുമതി ചെയ്യുന്നു. ഫ്രാഞ്ചൈസിങ് ശൃംഖലയിലൂടെ ദേശീയ ബ്രാൻഡായി മാറുകയാണ് ലക്ഷ്യം. കമ്പനിയുടെ അംഗീകൃത മൂലധനം 100 ലക്ഷം രൂപയാണ്. ഗുജറാത്തിൽ മാത്രം ഏകദേശം 29 ശതമാനം വിപണി വിഹിതമുള്ള കമ്പനി ലോകമെമ്പാടും പ്രതിവർഷം 20 ലക്ഷം ക്രേറ്റുകൾ വിൽക്കുന്നു. 

ദില്ലി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്‌സ് ഗ്രൂപ്പിൽ നിന്ന് ശീതളപാനീയ ബ്രാൻഡായ കാമ്പയെ ഏറ്റെടുക്കുന്നതായി റിലയൻസ് 2022 ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. 22 കോടിയോളം രൂപയുടെ ഇടപാടാണ് നടന്നതെന്നാണ് സൂചന. എഫ്എംസിജി വിഭാഗത്തിലെ വിപുലീകരണത്തിന്റെ ഭാഗമായി റിലയൻസ് ഈ വിഭാഗത്തിലെ നിരവധി ബ്രാൻഡുകളുമായി ചർച്ച നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *