‘ബാന്ദ്ര’ സിനിമയ്ക്കെതിരെ മോശം നിരൂപണം; 7 വ്ലോഗർമാർക്കെതിരെ നിർമാതാവിന്റെ ഹർജി

ദിലീപ് ചിത്രം ‘ബാന്ദ്ര’യ്ക്കെതിരെ മോശം നിരൂപണം നടത്തിയ വ്ലോഗർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ്, ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ കമ്പനിക്കു നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കു നിർദ്ദേശം നൽകണമെന്നും നിർമാണ കമ്പനി ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. ചിത്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇവർ ചെയ്യുന്നത് അപകീർത്തിപ്പെടുത്തൽ മാത്രമല്ല കൊള്ളയടിക്കലാണെന്നും നിര്‍മാതാക്കൾ പറയുന്നു.

റിലീസ് ദിവസം വരുന്ന നെഗറ്റീവ് റിപ്പോർട്ടുകൾ ഒരു സിനിമയുടെ പിന്നീടുള്ള പ്രദർ‌ശനങ്ങളെ വരെ ബാധിക്കുന്നുണ്ട്. ഒരാഴ്ച പോലും തികയ്ക്കാതെ ചില സിനിമകൾ തിയറ്റർ വിട്ടു പോകുന്നതിനും ലഭിച്ച ഷോകളുടെ എണ്ണം വെട്ടികുറയ്ക്കുന്നതിലേക്കും വരെ ഇത്തരം റിപ്പോർട്ടുകൾ സിനിമകളെ കൊണ്ടെത്തിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *