ബാങ്കുകളുടെ സഹായത്തോടെ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക്

ബാങ്കുകളുടെ സഹായത്തോടെ പുതിയ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് പുതിയതായി വരുന്ന വ്യവസായങ്ങളുടെ എണ്ണത്തിൽ പിന്നിലെന്ന കണക്കുള്ളത്. പുതിയ നിക്ഷേപങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉൾപ്പെട്ടത്. ബാങ്കുകളുടെ സഹായത്തോടെയുള്ള പദ്ധതികളാണ് ആർബിഐ പഠിച്ച് റിപ്പോർട്ട് പരി​ഗണിച്ചത്.  അതേസമയം, രാജ്യത്തെ മൊത്തത്തിലുള്ള നിക്ഷേപ പദ്ധതികൾ 79.50 ശതമാനം വർധിച്ചു. 2024-15  വർഷത്തിന് ശേഷം 352,624 കോടി രൂപയുടെ റെക്കോഡ് മൂലധന നിക്ഷേപം രാജ്യത്തുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ നിക്ഷേപമുണ്ടായത്. ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങൾക്ക് ലഭിച്ച സാമ്പത്തിക സഹായത്തിൽ 87.7 ശതമാനം വർധനവുണ്ടായതായി ആർബിഐ  പഠനം പറയുന്നു. 2022-23 ലെ മൊത്തം പദ്ധതിച്ചെലവിന്റെ 57.2 ശതമാനം (2,01,700 കോടി രൂപ) വിഹിതം ഉത്തർപ്രദേശ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, കർണാടക എന്നീ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ സംസ്ഥാനങ്ങളിലെ വളർച്ച മുൻ‌ വർഷത്തേക്കാൾ 43.2 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2022-23ൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അനുവദിച്ച പദ്ധതികളുടെ മൊത്തം ചെലവിൽ 16.2 ശതമാനം (43,180 കോടി രൂപ)  വിഹിതം നേടിയത് ഉത്തർപ്രദേശാണ് മുന്നിൽ. 14 ശതമാനവുമായി ​ഗുജറാത്തും  11.8 ശതമാനവുമായി ഒഡിഷയും 7.9 ശതമാനവുമായി മഹാരാഷ്ട്രയും 7.3 ശതമാനവുമായി കർണാടകയുമാണ് മുന്നിൽ. 2022 ഏപ്രിൽ മുതൽ ആർബിഐ റിപ്പോ നിരക്ക് (ആർബിഐ ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്ക്) 250 ബേസിസ് പോയിൻറ് വർധിപ്പിച്ച് 6.50 ശതമാനമായി ഉയർത്തിയ സമയത്താണ് പുതിയ നിക്ഷേപങ്ങളുടെ വർദ്ധനവ് ഉണ്ടായത്. 2023 ജൂലൈയിലെ കണക്കനുസരിച്ച് 19.7 ശതമാനം വർധന, 24.33 ലക്ഷം കോടി രൂപയുടെ വാർഷിക വർദ്ധനവ്.

ഏറ്റവും കുറഞ്ഞ പുതിയ നിക്ഷേപം ലഭിക്കുന്ന കാര്യത്തിൽ കേരളം, ഗോവ, അസം എന്നീ സംസ്ഥാനങ്ങളാണ് പിന്നിൽ. മൊത്തം നിക്ഷേപ പദ്ധതികളുടെ 0.9 ശതമാനം (2,399 കോടി രൂപ) മാത്രമാണ് കേരളത്തിന് ലഭിച്ചത്. അസമിന് 0.7 ശതമാനവും ഗോവയ്ക്ക് 0.8 ശതമാനവും ലഭിച്ചു. ഹരിയാനയും പശ്ചിമ ബംഗാളിലും നിക്ഷേപം പിന്നിലാണ്.  

Leave a Reply

Your email address will not be published. Required fields are marked *