പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞ വര്‍ഷം ആര്‍ബിഐ പലിശ കൂട്ടിയതനുസരിച്ച് ബാങ്കുകൾ പലിശ കൂട്ടിയതോടെ പണികിട്ടിയത് വായ്പയെടുത്ത സാധാരണക്കാര്‍ക്കാണ്. പലിശ കൂട്ടിയാല്‍ അത് വായ്പ എടുത്തവരുടേ മേല്‍ അപ്പോള്‍ തന്നെ ചുമത്തുന്നതാണ് ബാങ്കുകളുടെ പരിപാടി. രണ്ട് തരത്തിലാണ് കൂട്ടിയ പലിശ ബാങ്കുകള്‍ ഈടാക്കുന്നത്. ഇഎംഐ കൂട്ടിയും തിരിച്ചടവ് കാലാവധി ഉയര്‍ത്തിയും. ഹൗസിങ് ലോണെടുത്ത ചില ഉപഭോക്താക്കളുടെ തിരിച്ചടവ് കാലാവധി 50 വര്‍ഷത്തിലേറെ കാണിച്ചപ്പോഴാണ് ബാങ്കുകളുടെ ഈ തന്നിഷ്ടം നിയന്ത്രിക്കണമെന്ന് ആര്‍ബിഐക്ക് തോന്നിയത്.
പലിശ കൂട്ടിയാൽ വായ്പയെടുക്കുന്നയാൾക്ക് ഇഎംഐ ആണോ കാലാവധി ആണോ വർദ്ധിപ്പിക്കേണ്ടത് എന്ന് തിരഞ്ഞെടുക്കാനുള്ള അവസരം നേരത്തെ ലഭിച്ചിരുന്നില്ല. ആർബിഐ ഇത് ശ്രദ്ധിക്കുകയും ഭവനവായ്പ എടുക്കുന്നവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചില നടപടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വായ്പാ പലിശ കൂട്ടിയാല്‍ അത് വായ്പ എടുത്തവരെ ബാങ്കുകളും എന്‍ബിഐഫ്സികളും നിര്‍ബന്ധമായും അറിയിച്ചിരിക്കണം. അത് വഴി ഇഎംഐ കൂട്ടിയോ തിരിച്ചടവ് കാലാവധി വര്‍ധിപ്പിച്ചോ എങ്ങനെയാണോ അധിക പലിശ തിരിച്ചടക്കേണ്ടതെന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. ലോൺ കാലയളവ് അല്ലെങ്കിൽ ഇഎംഐ പുതുക്കുന്ന സമയത്ത് ബാങ്ക് വായ്പയെടുത്ത ആളെ അറിയിക്കണം. ഇഎംഐ വർദ്ധിപ്പിക്കുന്നതിനോ ലോൺ കാലയളവ് നീട്ടുന്നതിനോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ഏതാണ് വേണ്ടതെന്ന് വായ്പയെടുക്കുന്നയാൾക്ക് തിരഞ്ഞെടുക്കാം
വായ്പയെടുത്ത വ്യക്തിക്ക് ഭാഗികമായോ പൂർണ്ണമായോ ആയ വായ്പതുക മുൻകൂർ അടയ്ക്കാനുള്ള സൗകര്യം കൂടി ഉണ്ടായിരിക്കും. മുൻകൂർ പേയ്‌മെന്റ് ചാർജുകൾ ബാങ്ക് ഉപഭോക്താവിനെ അറിയിക്കണം.ബാങ്കുകൾ വായ്പയെടുക്കുന്നവർക്ക് ഫ്ലോട്ടിംഗ് നിരക്കിൽ നിന്ന് ഫിക്സഡ് റേറ്റ് ഹോം ലോണിലേക്ക് മാറാനുള്ള അവസരവും നൽകേണ്ടിവരും. ഇതിനുള്ള സേവനമോ മറ്റ് ചാർജുകളോ ഉൾപ്പെടെ എല്ലാ വിവരങ്ങളും ബാങ്ക് നൽകണം.
ബാങ്കുകൾ ഒരു ത്രൈമാസ സ്റ്റേറ്റ്‌മെന്റ് വായ്പയെടുത്ത വ്യക്തിക്ക് കൈമാറണം. അതുവരെ അടച്ച മൂലധനവും പലിശയും, ശേഷിക്കുന്ന ഇഎംഐകളും തുകയും, പലിശ നിരക്ക്, തുടങ്ങിയ വിശദാംശങ്ങൾ അതിലുണ്ടായിരിക്കണം.