ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി ഡി2 വിന്‍റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണം വിജയകരമാണെന്നും. എസ്എസ്എല്‍വി ഡി2 മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു.
ഇന്നലെ രാവിലെ 9.18 നായിരുന്നു വിക്ഷേപണം. 15 മിനുട്ടിനുള്ളില്‍ ഉപഗ്രഹങ്ങളെ വഹിച്ച് റോക്കറ്റ് 450 കിലോ മീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലാര്‍ ഓര്‍ബിറ്റില്‍ എത്തി. രാജ്യത്തെ 750 വിദ്യാര്‍ത്ഥിനികള്‍ തയ്യാറാക്കിയത് അടക്കം മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ഡി2 വഹിച്ചത്.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്എസ്എൽവി ലക്ഷ്യമിട്ടത്.
രാജ്യത്തിന്‍റെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ചെറു പതിപ്പായാണ് എസ്എസ്എൽവി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്‍റെ ആക്സിലറോമീറ്ററിലുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിന് ഐഎസ്ആർഒ ഇറങ്ങിയത്. ഒരുക്കാൻ നാല്‍പ്പത് ദിവസത്തിനടുത്ത് സമയം വേണം. എന്നാൽ എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ ഒരാഴ്ച മാത്രം മതി.
ധാരാളം സ്വകാര്യ കമ്പനികൾ ബഹിരാകാശ രംഗത്തെക്ക് കടന്നു വരുന്ന സമയമാണിത്. ഇവർ നിർമ്മിക്കുന്ന ചെറിയ ഉപഗ്രഹങ്ങളെ ചെലവ് കുറച്ച് പരമാവധി പെട്ടന്ന് വിക്ഷേപിക്കാനുള്ള സാധ്യതയാണ് എസ്എസ്എൽവി തുറന്ന് തരുന്നത്.
കൂടുതൽ ആവശ്യക്കാരെത്തുന്നതോടെ വ്യാവസായിക അടിസ്ഥാനത്തിൽ എസ്എസ്എൽവി നിർമ്മാണം നടത്താനാണ് പദ്ധതി. ഒരു വർഷം എട്ട് എസ്എസ്എൽവി വിക്ഷേപണങ്ങളെങ്കിലും നടത്താനാണ് തുടക്കത്തിലെ ലക്ഷ്യം. ആദ്യത്തെ രണ്ട് പരീക്ഷണ വിക്ഷേപണങ്ങൾക്ക് ശേഷം പൂർണമായും റോക്കറ്റിന്റെ ചുമതല വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനെ ഏൽപ്പിക്കാനാണ് തീരുമാനം.