ബജറ്റ് നിർദേശങ്ങളുടെ ഫലമായി കുറഞ്ഞതു 35,000 കോടി രൂപയെങ്കിലും ഒരു വർഷത്തിനകം അധികമായി വിപണിയിലെത്തുമെന്ന് അനുമാനം. വ്യവസായ, വാണിജ്യ മേഖല ഇതിനെ പ്രതീക്ഷയോടെ കാണുന്നു. പ്രത്യക്ഷ, പരോക്ഷ നികുതികളിലെ പരിഷ്കാരം മൂലം 38,000 കോടി രൂപയുടെ വരുമാന നഷ്ടമാണു ധനമന്ത്രി കണക്കാക്കുന്നത്. സർക്കാരിന്റെ വരുമാന നഷ്ടം ഇടത്തരക്കാരുടെ വരുമാന നേട്ടമാകും
38,000 കോടിയുടെ വരുമാന ചോർച്ച സർക്കാരിനുണ്ടാകുമെങ്കിലും നികുതി ഇനത്തിൽത്തന്നെ 3000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുകയും ചെയ്യും. അതിനാൽ അറ്റ നഷ്ടം 35,000 കോടിയിലൊതുങ്ങും. ഇതാണു സാധാരണക്കാർക്കു നേട്ടമാകുന്നത്. ആഭ്യന്തര ഉൽപാദനത്തിനുള്ള പ്രോത്സാഹനം, അടിസ്ഥാന സൗകര്യ വികസനം എന്നിവ തൊഴിലവസരങ്ങളിൽ വരുത്തുന്ന വർധനയും സാധാരണക്കാരുടെ വരുമാന വർധനയ്ക്കു സഹായകമാകും
നൈപുണ്യ വികസനം പോലുള്ള പദ്ധതികളും വരുമാന വർധനയ്ക്ക് ഉപകരിക്കുന്നതാണ്. മൂലധനച്ചെലവു 33% വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയിലെത്തിക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഗ്രാമീണ മേഖലയുടെ നഗരവൽക്കരണ പ്രക്രിയയെയാണു ത്വരിതപ്പെടുത്തുക. ഇതു ഗ്രാമമേഖലയിൽ ഉപഭോഗ വർധനയ്ക്കു സഹായിക്കും. എഫ്എംസിജി കമ്പനികളുടെ വാർഷിക വിൽപനയിൽ 35 ശതമാനത്തിലേറെ വിഹിതമുണ്ടായിരുന്ന ഗ്രാമീണ ഡിമാൻഡ് കഴിഞ്ഞ കുറേനാളായി മാന്ദ്യം നേരിടുകയാണ്.
പായ്ക്കറ്റിലാക്കിയ ഉൽപന്നങ്ങൾ മുതൽ റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഡിഷ് വാഷർ തുടങ്ങി ‘വൈറ്റ് ഗുഡ്സ്’ എന്നറിയപ്പെടുന്ന ഉൽപന്നങ്ങളുടെയും ‘എൻട്രി ലെവൽ’ കാറുകളുടെയും വരെ വിൽപനയിൽ കുതിപ്പുണ്ടാക്കാൻ രാജ്യത്തെ മൊത്തത്തിലുള്ള ഉപഭോഗ വർധന സഹായിക്കുമെന്നാണു വ്യവസായ, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ടവർ പങ്കുവയ്ക്കുന്ന പ്രതീക്ഷ. ബജറ്റിന്റെ പ്രധാന നേട്ടം ഇതാണെന്നും ഇവർ കരുതുന്നു.