ബജറ്റിൽ 2 സംസ്ഥാനങ്ങൾക്ക് കൈനിറയെ പദ്ധതികൾ

ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബിഹാറിലെ റോഡ് വികസനത്തിനായി 26,000 കോടി രൂപയുടെ പദ്ധതികളാണു ധനമന്ത്രി പ്രഖ്യാപിച്ചത്. വികസന ഏജൻസികളുടെ ധനസഹായത്തോടെ പദ്ധതികൾ നടപ്പിലാക്കാനാണു തീരുമാനം. ബിഹാറിൽ 2400 മെഗാവാട്ടിന്റെ ഊർജ പ്ലാന്റിന് 21,400 കോടിയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം നിർമിക്കുന്നതിനായി വിവിധ ഏജൻസികൾ വഴി പ്രത്യേക ധനസഹായം നൽകും. ഈ വർഷം 15,000 കോടി അനുവദിക്കും. ആവശ്യമായ തുക വരും വർഷങ്ങളിൽ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കാൻ ധനസഹായം വേണമെന്നു സഖ്യകക്ഷി നേതാവായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു.

മൂന്നാം ബിജെപി സർക്കാർ അധികാരത്തിലെത്തിയ ഉടനെ പ്രത്യേക പദവി വേണമെന്ന് ബിഹാർ, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും നിതീഷ് കുമാറിന്റെ ജെഡിയുവിന്റെയും പിന്തുണയുള്ളതിനാൽ ഇരു പാർട്ടികളെയും പിണക്കാത്ത തീരുമാനത്തിലേക്കാണു ധനമന്ത്രി എത്തിയത്. ബിഹാറിനു പ്രത്യേക സംസ്ഥാന പദവി നൽകാനാവില്ലെന്നു കേന്ദ്രസർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു, സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു പ്രത്യേക ധനസഹായവും പദ്ധതികളും പ്രഖ്യാപിച്ചത്.

സംസ്ഥാനങ്ങളുടെ ഭൂപ്രകൃതി, സാമ്പത്തിക–സാമൂഹിക പശ്ചാത്തലം തുടങ്ങിയ പല ഘടകങ്ങൾ പരിഗണിച്ച് ദേശീയ വികസന കൗൺസിലാണു നേരത്തെ പല സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി അനുവദിച്ചിരുന്നതെന്നും ബിഹാറിന്റെ ആവശ്യം മുൻപു മന്ത്രിതല സമിതി പരിഗണിച്ചിരുന്നുവെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ വിശദീകരിച്ചിരുന്നു. 2012 മാർച്ച് 30നു മന്ത്രിതല സമിതി നൽകിയ റിപ്പോർട്ട് ബിഹാറിനു പദവി നൽകേണ്ടതില്ലെന്നാണു പറയുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. M

Leave a Reply

Your email address will not be published. Required fields are marked *