ബജറ്റിൽ വികസന ലക്ഷ്യങ്ങൾക്ക് വലിയ തുക

വികസന ലക്ഷ്യങ്ങൾ മറക്കാതെ ധനമന്ത്രി നിർമല സീതാരാമൻ. റെയിൽവേയ്ക്കുള്ള വലിയ നീക്കിയിരിപ്പാണ് എടുത്തുപറയേണ്ട കാര്യം. ഇത് സർവകാല റെക്കോർഡാണ്. നികുതി ഇളവുകൾ പ്രഖ്യാപിച്ചപ്പോഴും ധനക്കമ്മി കഴിഞ്ഞവർഷത്തെ 6.4 ശതമാനത്തിൽനിന്ന് 5.9 ശമാനമായി കുറച്ചുകാണാൻ ധനമന്ത്രിക്കു കഴിയുന്നു. മുതലിറക്കി നേട്ടം കൊയ്യുക എന്ന ബിസിനസ് തന്ത്രം തന്നെയാണ് ധനമന്ത്രി ബജറ്റിൽ പ്രയോഗിച്ചിട്ടുള്ളത്; നേട്ടം സമ്പദ്‌വ്യവസ്ഥയിലും രാഷ്ട്രീയത്തിലുംനിന്ന്  എത്തണമെന്നുതന്നെയാണ് പ്രതീക്ഷ. പണമിറക്കി വിപണിയെ സജീവമാക്കി നിർത്തുക എന്ന മൂലധനതന്ത്രം.

കാർഷിക വായ്പകൾ- 20 ലക്ഷം കോടി

കാർഷിക മേഖലയിൽ പണമെത്തിച്ചാലേ ഇന്ത്യ പോലൊരു രാജ്യത്തെ ചലനാത്മകമാക്കാൻ കഴിയൂ എന്ന് സർക്കാരിനറിയാം. കാർഷിക വായ്പകൾക്കായി 20 ലക്ഷം കോടി രൂപയാണ് നീക്കിവച്ചത്. രാജ്യത്ത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 20 ശതമാനം വരെ കാർഷിക മേഖലയിൽനിന്നാണ്. തൊഴിൽസേനയിൽ 50 ശതമാനവും കൃഷി മേഖലയിലാണ്. കൃഷി തളിർത്താൽ സമ്പദ്‌വ്യവസ്ഥ പൂത്തുലയും. സ്വാഭാവിക കൃഷി രീതികളുടെ വികസനത്തിന് ഒരുകോടി കർഷകർക്ക് സഹായം എത്തിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്

അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് 10 ലക്ഷം കോടി രൂപ

റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും തുടങ്ങി അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് വലിയ നീക്കിവയ്പാണ് ബജറ്റിലെ മറ്റൊരു പ്രത്യേകത. മൂലധന നിക്ഷേപമായി 10 ലക്ഷം കോടി രൂപയാണ് മാറ്റിവച്ചത്. കഴിഞ്ഞതവണ ഇത് 7.5 കോടി രൂപയായിരുന്നു. അടിസ്ഥാന സൗകര്യ മേഖലയിൽ നടത്തുന്ന ദീർഘകാല നിക്ഷേപം തൊഴിലായും പണമായും ജനങ്ങളിലേക്കുതന്നെയാണ് എത്തുക. 

റെയിൽവേയ്ക്കായി നീക്കിവച്ച 2.4 ലക്ഷം കോടി രൂപയും കൂടി ഇതിന്റെ കൂടെ ചേർത്തുകാണണം. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ, കോച്ചുകളുടെ നവീകരണം, പാളങ്ങൾ മാറ്റിയിടുന്ന ജോലികൾ തുടങ്ങിയവയെല്ലാം തൊഴിൽമേഖലയ്ക്ക് ഉണർവുനൽകുമെന്ന കാര്യത്തിൽ സംശയമില്ല. 

തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടുള്ള ഒട്ടേറെ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. ദക്ഷിണേന്ത്യയിൽ ബിജെപി ഭരണത്തിലുള്ള സംസ്ഥാനമായ കർണാടകയുടെ വരൾച്ച ബാധിത മേഖലയ്ക്കായി 5,300 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. വന്ദേഭാരത് ട്രെയിനുകളടക്കം കൂടുതൽ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. 

മൃഗക്ഷേമം, ക്ഷീരവികസനം, ഫിഷറീസ് ഉൾപ്പടെയുള്ള മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. കാർഷിക സ്റ്റാർട്ടുപ്പകൾക്കായി കാർഷിക ഉത്തേജക നിധി രൂപീകരിക്കും. ചെറു ധാന്യ വികസനത്തിന് ശ്രീ അന്ന എന്ന പേരിൽ പദ്ധതിയുണ്ടാകും. കാർഷിക വായപാ ലക്ഷ്യം ഇരുപത് ലക്ഷം കോടിയായി ഉയർത്തി. കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറികൾ തുറക്കും. 157 പുതിയ നഴ്സിംഗ് കോളേജുകൾ  കൂടി തുടങ്ങും. 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *