ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബിജെപി

തെരഞ്ഞെടുപ്പടുക്കവേ മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബിജെപി. ഒമ്പത് അംഗ സമിതിയുടെ നേതൃത്ത്വത്തിൽ രാജ്യവ്യാപക പ്രചാരണം ബിജെപി തുടങ്ങി. മുതിർന്നവർക്കും സ്ത്രീകൾക്കും പ്രഖ്യാപിച്ച ഇളവുകളിൽ പ്രത്യേകം പ്രചാരണം വേണം എന്ന നിർദ്ദേശം പാർട്ടി മന്ത്രിമാർക്ക് നല്‍കി.

മധ്യവർഗത്തിന് നിർണായക സ്വാധീനമുള്ള രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പടുക്കവേയാണ് ബിജെപിയുടെ നീക്കം. ബജറ്റിൽ പ്രതീക്ഷിച്ചത്ര ആനുകൂല്യങ്ങൾ കിട്ടിയില്ലെന്ന് പാർട്ടിക്കകത്തെ നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. എന്നാലും ബജറ്റ് പ്രഖ്യാപനങ്ങൾ പരമാവധി ജനങ്ങളിലേക്കെത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 50 പ്രധാന നഗരങ്ങളിൽ ഒരു കേന്ദ്രമന്ത്രിയും ഒരു മുതിർന്ന നേതാവും എത്തി ബജറ്റിനെപറ്റിയും കേന്ദ്ര പദ്ധതികൾ ഉപയോഗപ്പെടുത്തേണ്ടതിനെ പറ്റിയും വിശദീകരിക്കും. ജില്ലാ തലത്തിൽ ചർച്ചകളും വാർത്താ സമ്മേളനവും സംഘടിപ്പിക്കും. ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ പ്രചാരണം വിപുലമാക്കും. പുതിയ സ്കീമിലുള്ളവർക്ക് ഏഴു ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല എന്ന പ്രഖ്യാപനം മധ്യവർഗ്ഗത്തിൽ ചലനമുണ്ടാക്കും എന്നാണ് പാർട്ടിയുടെ പ്രതീക്ഷ

സ്ത്രീകൾക്കിടയിൽ മഹിളാ സമ്മാൻ പദ്ധതിയെ പറ്റിയും, മുതിർന്നവർക്കിടയിൽ നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയർത്തിയതിനെ കുറിച്ചും വിശദീകരിക്കും. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ നേതൃത്ത്വത്തിലുള്ള 9 അംഗ സമിതിയുടെ നേതൃത്ത്വത്തിൽ ഈ മാസം 12 വരെ പ്രചാരണം തുടരും. ജനങ്ങളുടെ പ്രതികരണം സമിതി പാർട്ടിയെ അറിയിക്കും. തൊഴിലുറപ്പ് പദ്ധതിക്കുൾപ്പടെ വിഹിതം വെട്ടിക്കുറച്ചത് ബജറ്റ് ചർച്ചയിൽ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *