‘ഫ്ലൈ 91 എയർലൈൻസ്’ വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നൽകി.

രാജ്യത്ത് പുതിയൊരു വിമാന കമ്പനി കൂടി ആരംഭിക്കുന്നു; തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽകുന്ന ‘ഫ്ലൈ 91 എയർലൈൻസ്’ വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നൽകി. ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്. കിങ്‌ ഫിഷർ എയർലൈൻസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലയിൽ വർഷങ്ങളുടെ അനുഭവ പരിചയമുണ്ട്. 

ചെറു പട്ടണങ്ങളെ ആകാശമാർഗം കോർത്തിണക്കുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുകയാണു കമ്പനിയുടെ ലക്ഷ്യം. ഗോവ ആസ്ഥാനമായി സ്ഥാപിക്കുന്ന കമ്പനി ഒക്ടോബറിൽ സർവീസ് ആരംഭിക്കുമെന്ന് മനോജ് പറഞ്ഞു. കേരളത്തിലേക്കടക്കം സർവീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. അയൽ സംസ്ഥാനങ്ങളിലെ 2 നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാകും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. 

വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) എയർ ഓപ്പറേറ്റർ പെർമിറ്റാണ് ഇനി ലഭിക്കാനുള്ളത്. ‘എടിആർ 72’ വിമാനങ്ങളിലായിരിക്കും ഫ്ലൈ 91 എയർലൈൻസ് പറക്കുക. 70 യാത്രക്കാരെ വഹിക്കാവുന്ന വിമാനമാണിത്. അടുത്ത 5 വർഷത്തേക്ക് പ്രതിവർഷം 6 എടിആർ വിമാനങ്ങൾ വീതം പാട്ടത്തിനെടുക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *