സമ്പാദ്യത്തിനായി ഇന്ന് രാജ്യത്ത് നിരവധി ഓപ്ഷനുകളുണ്ട്. പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്), എഫ്ഡി (ഫിക്സഡ് ഡിപ്പോസിറ്റ്) എന്നിവ ജനപ്രിയമായ രണ്ട് ഓപ്ഷനുകളാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
പിപിഎഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സർക്കാർ പിന്തുണയുള്ള നിക്ഷേപമാണ്. നിങ്ങളുടെ നികുതികൾ ലാഭിക്കുന്നതിനൊപ്പം, റിട്ടയർമെന്റ് കാലത്തേക്ക് ഉറപ്പുള്ള വരുമാനം ലഭ്യമാക്കാനും പിപിഎഫ് തെരഞ്ഞെടുക്കാവുന്നതാണ്.
ഒരു പിപിഎഫ് അക്കൗണ്ടിന്റെ ഏറ്റവും കുറഞ്ഞ കാലാവധി 15 വർഷമാണ്, ആവശ്യമെങ്കിൽ 5 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. നിങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപവരെയും നിക്ഷേപിക്കാം. അതായത് പിപിഎഫ് പദ്ധതി പ്രകാരം പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാമെന്ന് ചുരുക്കം., ഒറ്റത്തവണയായോ അല്ലെങ്കിൽ പരമാവധി 12 തവണകളായോ പണം നിക്ഷേപിക്കാം. ഒരു അക്കൗണ്ട് തുറക്കുന്നതിന് കുറഞ്ഞത് 100 രൂപ പ്രതിമാസ നിക്ഷേപം ആവശ്യമാണ്. എന്നിരുന്നാലും, പ്രതിവർഷം 1.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന്പലിശ ലഭിക്കില്ല, നികുതി ലാഭിക്കുന്നതിന് അർഹതയുമില്ല. 15 വർഷത്തേക്ക് എല്ലാ വർഷവും ഒരു തവണയെങ്കിലും പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയും നികുതി രഹിതമാണ് എന്നതാണ് പിപിഎഫി-ന്റെ ഒരു പ്രധാന നേട്ടം. നിലവിലെ പിപിഎഫ് പലിശ നിരക്ക് പ്രതിവർഷം 7.1% ആണ്.
സ്ഥിരനിക്ഷേപങ്ങൾ
ബാങ്കുകളും എൻബിഎഫ്സികളും (നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ) നൽകുന്ന നിക്ഷേപസ്കീമുകളാണ് എഫ്ഡികൾ അഥവാ സ്ഥിരനിക്ഷേപങ്ങൾ. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കാത്തതിനാൽ സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് എഫ്‍ഡികൾ.
കുറഞ്ഞത് 7 ദിവസം മുതൽ പരമാവധി 10 വർഷം വരെ നിങ്ങളുടെ നിക്ഷേപ ലക്ഷ്യത്തെ അടിസ്ഥാനമാക്കി ഒരു എഫ്ഡി യുടെ കാലാവധി വ്യത്യാസപ്പെടാം, അർദ്ധവാർഷിക, ത്രൈമാസ, അല്ലെങ്കിൽ പ്രതിമാസ അടിസ്ഥാനത്തിലാണ് എഫ്ഡികൾക്ക് പലിശ കണക്കാക്കുന്നത്., ഇത് മൂലധന തുകയിൽ ഉയർന്ന നേട്ടമുണ്ടാക്കാൻ സഹായിക്കും. മുതിർന്ന പൗരന്മാർക്ക്, മിക്ക ബാങ്കുകളും ഉയർന്ന സ്ഥിരമായ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്., റിസ്കില്ലാതെ സമ്പാദിക്കാനുള്ള മികച്ച ഓപ്ഷനാണിത്.
കൂടാതെ, ചില എഫ്ഡികൾ പ്രതിമാസത്തിൽ പണമടയ്ക്കാനുള്ള ഓപ്ഷൻ നൽകുന്നുണ്ട്., ഇത് നിക്ഷേപകർക്ക് ഉറപ്പുള്ള റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതികൾ നിങ്ങളുടെ ആദായ നികുതി ബാധ്യത കുറയ്ക്കാനും സഹായിക്കും. 1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നിക്ഷേപകർക്ക് 1,50,000 രൂപ വരെ നികുതി ഇളവ് തേടാം.
ഫ്ലെക്സിബിലിറ്റിയും മികച്ച റിട്ടേണുമുള്ള ഒരു സ്ഥിര വരുമാന സ്രോതസ്സ് ആണ് ആവശ്യമെങ്കിൽ എഫ്ഡികൾ ഒരുമികച്ച തിരഞ്ഞെടുപ്പ് തന്നെ ആയിരിക്കും. എന്നാൽ നികുതി ആനുകൂല്യങ്ങളുള്ള ദീർഘകാല റിട്ടയർമെന്റ് സേവിംഗ്സുകൾക്കാണ് നിങ്ങൾ മുൻഗണന നൽകുന്നതെങ്കിൽ, നിങ്ങൾക്ക് പിപിഎഫ് ഏറ്റവും മികച്ച ഓപ്ഷനായിരിക്കാം. എന്തായാലും നിങ്ങളുടെ ആവശ്യങ്ങളും, ലക്ഷ്യങ്ങളെയും കൃത്യമായി മനസിലാക്കി വേണം ഏത് ഓപ്ഷനാണ് അനുയോജ്യമെന്നത് നോക്കി തെരഞ്ഞെടുക്കാൻ.