ഫാരിസ് അബൂബക്കറിന്റെ ‘കള്ളപ്പണ നിക്ഷേപം’ പ്രാഥമിക കണ്ടെത്തലിൽ ഇഡി തെളിവുശേഖരണം തുടങ്ങി.

പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വൻതോതിൽ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തെളിവുശേഖരണം തുടങ്ങി. ആദായനികുതി (ഐടി) ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും നടക്കുന്ന ഐടി പരിശോധന ഇന്നലെയും തുടർന്നു.

ഫാരിസുമായി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുന്ന കെട്ടിട നിർമാതാക്കൾ, ഇടനിലക്കാർ എന്നിവരുടെ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഫ്ലാറ്റുകളിലും തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി പരിശോധന തുടരുന്നുണ്ട്. ഫാരിസുമായി ബിസിനസ് ബന്ധമുള്ള ചലച്ചിത്ര പ്രവർത്തകരുടെ മൊഴികളും രേഖപ്പെടുത്തും. വർഷങ്ങളായി ഫാരിസിന്റെ ഇടനിലക്കാരനായ കണ്ണൂർ പിലാക്കണ്ടി സ്വദേശിയുടെ ചിലവന്നൂരിലെ ഫ്ലാറ്റിൽ ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തി നിർണായക രേഖകൾ‌ പിടിച്ചെടുത്തു ഫ്ലാറ്റ് മുദ്രവച്ചു.

കൊച്ചിയിലെ തണ്ണീർത്തടങ്ങൾ, പൊക്കാളിപ്പാടങ്ങൾ, കണ്ടൽക്കാടുകൾ, ചെമ്മീൻകെട്ടുകൾ എന്നിവിടങ്ങളിൽ 2008 മുതൽ ഫാരിസ് അബൂബക്കർ വൻതോതിൽ പണമിറക്കിയതിന്റെ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരെയും തദ്ദേശസ്ഥാപനങ്ങളെയും സ്വാധീനിച്ച് ഇത്തരം ഭൂമികൾ കരഭൂമിയായി രേഖയുണ്ടാക്കിയാണു ഫാരിസ് കെട്ടിട നിർമാതാക്കൾക്കു മറിച്ചു വിറ്റത്. ആദായനികുതി ചെന്നൈ കൊച്ചി യൂണിറ്റുകളും ഇഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളും ഫാരിസിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

ഉറവിടം വെളിപ്പെടാത്ത 100 കോടിരൂപ അടുത്തകാലത്തു ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനികളിലേക്ക് എത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഐടി വിഭാഗം പരിശോധന തുടങ്ങിയത്. ചെന്നൈ, കൊച്ചി, കോഴിക്കോട്, മുംബൈ, ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ‌ ഒരേ സമയമാണു പരിശോധന നടക്കുന്നത്. ഹവാല റാക്കറ്റ് വഴി ഈ പണം കൊച്ചിയിൽ നിർമാണ ജോലികൾ പുരോഗമിക്കുന്ന പാർപ്പിട സമുച്ചയത്തിനു വേണ്ടി എത്തിയതാണെന്നാണു പ്രാഥമിക നിഗമനം. കൊച്ചിയിലെ ഇവരുടെ ഓഫിസുകളിലും ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.

തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ മണ്ണന്തലയ്ക്കു സമീപമുള്ള വീട്ടിൽ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. നാദിറയുടെ ഭർത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി  ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് വിവരം. ഫാരിസ് അബൂബക്കറിന്റെ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *