പ്രീപെ‌യ്‌ഡ് മൊബൈൽ കണക്ഷൻ പോലെ ഇനി വൈദ്യുതിയും;

വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും പ്രീപെയ്‌ഡ് സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനവുമായി സംസ്ഥാന വൈദ്യുതി വകുപ്പും കെഎസ്ഇബിയും മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുമെങ്കിലും ലക്ഷ്യം പൊതുമേഖലാ സ്ഥാപനത്തിന്റെ നിലവിലെ നഷ്ടം മറികടക്കൽ തന്നെയാണ്. കാര്യക്ഷമമായി നടപ്പിലാക്കുകയാണെങ്കിൽ കാലാകാലങ്ങളായി ലക്ഷങ്ങളും കോടികളും കെഎസ്ഇബിക്ക് നൽകാനുള്ള സ്ഥാപനങ്ങൾക്ക് വൻ തിരിച്ചടിയാകും ഈ തീരുമാനം.

എന്നാൽ ഇതേ നിലയിൽ തന്നെ സാധാരണക്കാരെയും തീരുമാനം ബാധിക്കും. നിലവിൽ ഉപയോഗിച്ച ശേഷമാണ് വൈദ്യുതിക്ക് പണം അടയ്ക്കുന്നതെങ്കിൽ ഇനിമുതൽ അത് പ്രീപെയ്‌ഡ് മൊബൈൽ കണക്ഷൻ പോലെയായിരിക്കും. നിശ്ചിത തുകയ്ക്ക് റീചാർജ് ചെയ്തെന്ന പോലെ വൈദ്യുതി ഉപയോഗിക്കുന്ന രീതിയാവും ഇനി. പ്രീ പെയ്ഡ് സ്മാര്ട് മീറ്ററുകള്‍ വരുന്നതോടെ വൈദ്യുതി ബില്‍ കുടിശിക താനേ ഇല്ലാതാകും.

2019-20 സാമ്പത്തിക വര്‍ഷം 25 ശതമാനത്തിലധികം പ്രസരണ-വിതരണ നഷ്ടം രേഖപ്പെടുത്തിയ സംസഥാനങ്ങള്‍ 2023 ഡിസംബറിന് മുമ്പ് എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാർട് മീറ്റര്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം.


കേരളത്തിന്റെ 2019-20 കാലത്തെ പ്രസരണ – വിതരണ നഷ്ടം ഒൻപത് ശതമാനം മാത്രമാണ്. അതിനാല്‍ 2025 മാര്‍ച്ചിന് മുമ്പ് മാത്രം കേരളത്തില്‍ പൂര്‍ണമായി സ്മാർട് മീറ്റര്‍ ഘടിപ്പിച്ചാല്‍ മതി. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രീ പെയ്ഡ് സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കും. സംസ്ഥാന വൈദ്യതി ബോര്‍ഡിന് വാട്ടര്‍ അതോറിറ്റിയില്‍ നിന്നടക്കം കോടികളുടെ വൈദ്യുതി ബില്‍ കുടശ്ശികയാണുള്ളത്. പ്രീപെയ്‌ഡ് സ്മാർട് മീറ്റർ വരുന്നതോടെ ഇവർക്ക് പോലും അക്കൗണ്ടിൽ പണമില്ലെങ്കിൽ വൈദ്യുതി ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതി വരും.

എന്നാൽ സ്ഥാപനങ്ങൾക്ക് മാത്രമായി പദ്ധതി ചുരുക്കില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അടുത്ത ഘട്ടത്തില്‍ സ്മാർട് മീറ്ററുകള്‍ നല്‍കും. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയില്‍ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ക്കും അനുമതിയുണ്ട്. സ്മാർട് മീറ്റര്‍ വരുന്നതോടെ ഓരോ മേഖലയിലെയും വൈദ്യുതി ഉപഭോഗവും വരുമാനവും കൃത്യമായി തിരിച്ചറിയാം.

സ്മാര്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും സ്വകാര്യ പങ്കാളിത്തം ഏര്‍പ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കേന്ദ്രസർക്കാർ രൂപീകരിച്ച എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡാണ് ഇതിന്റെ ടെണ്ടര്‍ നടപടികള്‍ തയ്യാറാക്കുന്നത്. ടെണ്ടര്‍ ലഭിക്കുന്ന സ്ഥാപനം സ്മാർട് മീറ്റര്‍ സ്ഥാപിക്കും. ഇതിനുള്ള ചെലവ് ഓരോ ഉപഭോക്താവില്‍ നിന്നും തവണകളായി ഈടാക്കും. കേന്ദ്ര സബ്‌സിഡി സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *