ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം എം രാമചന്ദ്രൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് ദുബായിൽ നടക്കും.
നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ മുല്ലശേരി മധുക്കര സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രൻ ധാരാളം സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ബിസിനസ് രംഗത്ത് വിജയം കണ്ടതോടെ ഗൾഫിലെ പ്രമുഖ മലയാളികളുടെ മുൻനിരയിലേക്ക് അദ്ദേഹം അതിവേഗം എത്തി. ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, സിനിമാ നിർമ്മാണം എന്നീ മേഖലകളിലും നിക്ഷേപം നടത്തി. ഇതിനിടെയുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ കോടിക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ടാക്കി.
യുഎഇയിലെ ഈ വർഷത്തെ ആദ്യ സ്വകാര്യ കമ്പനി ലിസ്റ്റിങ്; പ്രഖ്യാപനവുമായി ബുർജീൽ ഹോൾഡിംഗ്സ്
വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ 2015 ഓഗസ്റ്റിൽ രാമചന്ദ്രൻ അറസ്റ്റിലായി. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് പരാതിയുമായി രംഗത്തുവന്നത്. ദുബായ് കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിൻ്റെയും പ്രവാസി സംഘടനകളുടെയും ഇടപെടലോടെ 2018ലാണ് ജയിൽ മോചിതനായത്. കേസ് അവസാനിക്കാത്തതിനാൽ യുഎഇ വിട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.ബിസിനസ് രംഗത്ത് അറ്റ്ലസ് ഗ്രൂപ്പിനെ വീണ്ടും സജീവമാക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് രാമചന്ദ്രൻ്റെ മരണം.