ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്‍റെ സംവിധാനം ഓം റാവത്ത് ആണ്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ റിപ്പോര്‍ട്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നതിനെക്കുറിച്ചാണ് ഇത്.
തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക. ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് ആണ് ആദിപുരുഷിന്‍റെ ടിക്കറ്റുകള്‍ സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൌജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക.
അതേസമയം 500 കോടി നിര്‍മ്മാണച്ചെലവ് ഉള്ള ചിത്രം റിലീസിന് മുന്‍പ് അതിന്‍റെ 85 ശതമാനവും തിരിച്ചു പിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി! ജൂണ്‍ 16 നാണ് ചിത്രത്തിന്‍റെ റിലീസ്.