തെക്കേ അമേരിക്കന്‍ വന്‍കരയുടെ വടക്കന്‍ തീരത്തുള്ള രാജ്യമാണ് ഗയാന. പടിഞ്ഞാറ് വെനസ്വേലയും തെക്ക് ബ്രസീലും അറ്റ്‌ലാന്റിക് മഹാസമുദ്രവുമാണ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ പങ്കിടുന്നത്. എന്നാല്‍ അടുത്തിടെ ഗയാന വാര്‍ത്തകളില്‍ നിറയാന്‍ കാരണം അവിടെ കണ്ടെടുത്ത വലിയ എണ്ണ ശേഖരമാണ്. കേവലം 10 വര്‍ഷം മുമ്പ് മാത്രമാണ് ഗയാനയില്‍ വലിയ എണ്ണ ശേഖരം കണ്ടെത്തിയത്. 11 ബില്യണ്‍ ബാരല്‍ എണ്ണയാണ് ഒരു കമ്പനി 2015ല്‍ ഈ കൊച്ചുരാജ്യത്ത് നിന്ന് കണ്ടെത്തിയത്. അതോടെ രാജ്യത്തിന്റെ വളര്‍ച്ച റോക്കറ്റ് വേഗത്തില്‍ കുതിച്ചു. ഗയാനയില്‍ കണ്ടെത്തിയ എണ്ണ, ആഗോള എണ്ണ വിഹിതത്തിന്റെ 18 ശതമാനത്തോളം വരും. സമീപ വര്‍ഷങ്ങളില്‍ ലോകത്ത് ഏറ്റവും വലിയ ആളോഹരി ജിഡിപി വളര്‍ച്ച നേടിയ രാജ്യമായി ഗയാന മാറി. 2022ല്‍ 62 ശതമാനമായിരുന്നു ഗയാനയുടെ ജിഡിപി വളര്‍ച്ച. 2023ല്‍ 33 ശതമാനവും.
നിലവില്‍ 650,000 ബാരല്‍ ക്രൂഡ് ഓയിലാണ് ഗയാന പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. മൂന്ന് എണ്ണപ്പാടങ്ങളില്‍ നിന്നാണ് പ്രധാന ഉല്‍പ്പാദനം. മൂന്ന് പുതിയ എണ്ണപ്പാടങ്ങളില്‍ കൂടി ഉല്‍പ്പാദനം ആരംഭിക്കാനാണ് പദ്ധതി. അതോടെ പ്രതിദിന എണ്ണ ഉല്‍പ്പാദനം ഒരു മില്യണ്‍ ബാരല്‍ കവിയും.
ഒപെക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ മുഖ്യസ്ഥാനം വഹിക്കാന്‍ പോകുന്ന രാജ്യമാണ് ഗയാന. അതുതന്നെയാണ് മോദിയുടെ സന്ദര്‍ശനത്തിന് പിന്നിലെ ലക്ഷ്യവും.
2026 ആകുമ്പോഴേക്കും അയല്‍രാജ്യമായ വെനസ്വലയെ എണ്ണ ഉല്‍പ്പാദനത്തില്‍ ഗയാന മറികടക്കും. അതോടെ ആഗോള എണ്ണ വിതരണ ശൃംഖലയില്‍ പ്രധാന കണ്ണിയായി ഇവര്‍ മാറും. എണ്ണ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതുകൊണ്ടു ഗയാന തന്ത്രപ്രധാന രാജ്യമായി മാറുന്നു.
ഇത്തരത്തില്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു സന്ദര്‍ശനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കൊച്ചു കരീബിയന്‍ രാജ്യമായ ഗയാനയിലേക്കായിരുന്നു മോദി പോയത്. പ്രധാനമന്ത്രിയെന്ന നിലയിലുള്ള മോദിയുടെ ആദ്യ ഗയാന സന്ദര്‍ശനമായിരുന്നു അത്. മാത്രമല്ല, 56 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാനയില്‍ സന്ദര്‍ശനം നടത്തുന്നത്.