കേരളത്തിൽ നിന്ന് പിരിഞ്ഞുകിട്ടിയ പ്രത്യക്ഷ നികുതിവരുമാനത്തിൽ 6 വർഷത്തിനിടെ 40 ശതമാനത്തിന്റെ വർധനയുണ്ടായതായി ആദായനികുതി വകുപ്പിന്റെ കണക്ക് .
2018–19ൽ 17,021 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തികവർഷം ഇത് 23,966 കോടിയായി.എന്നാൽ 2022–23നെ അപേക്ഷിച്ച് ഇക്കഴിഞ്ഞ വർഷം 17 കോടി രൂപയുടെ കുറവുണ്ട്. രാജ്യമാകെ കഴിഞ്ഞ 6 വർഷത്തിനിടയിൽ 72 ശതമാനത്തിന്റെ വർധനയുണ്ടായി.കഴിഞ്ഞ വർഷം 10.45 ലക്ഷം കോടി രൂപയാണ് രാജ്യമാകെ ആദായനികുതിയായി പിരിച്ചെടുത്തത്. കോർപറേറ്റ് നികുതി 9.11 ലക്ഷം കോടിയും.പ്രത്യക്ഷനികുതി കലക‍്ഷൻ പട്ടികയിൽ 5 വർഷത്തോളമായി കേരളം 12–ാം സ്ഥാനത്താണ്. മഹാരാഷ്ട്ര, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളാണ് മൊത്തം പ്രത്യക്ഷ നികുതിയുടെ 65 ശതമാനവും സംഭാവന ചെയ്യുന്നത്.