ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി (മൊത്ത ആഭ്യന്തര ഉൽപ്പാദനം). കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലുള്ള ജിഡിപിയിൽ നിന്ന് ഇത്തവണ എത്ര വർധനയുണ്ടായി എന്നതാണ് സാമ്പത്തിക വളർച്ചാ നിരക്കായി കണക്കാക്കുന്നത്. രാജ്യത്തിന്റെ കുതിപ്പും കിതപ്പും വ്യക്തമാക്കുന്നതാണ് ജിഡിപി വളർച്ചാ നിരക്ക്.
എല്ലാ അനുമാനങ്ങളെയും നിഷ്പ്രഭമാക്കി ഇന്ത്യയുടെ സാമ്പത്തിക വളർച്ച മൂന്നാം (ഒക്ടോബർ–ഡിസംബർ) പാദത്തിൽ 8.4%. ഇതോടെ നടപ്പു സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ അനുമാനം 7.3 ശതമാനമായിരുന്നത് 7.6 ശതമാനമായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുതുക്കി.മൂന്നാം പാദത്തിൽ 6% മുതൽ 6.9% വളർച്ചയാണ് മിക്ക ഏജൻസികളും പ്രവചിച്ചിരുന്നത്. റിസർവ് ബാങ്കിന്റെ അനുമാനം പോലും 6.5 ശതമാനമായിരുന്നു. ഇക്കൊല്ലം 7 ശതമാനത്തിനു താഴെ വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന ആദ്യ പാദമായിരിക്കുമിതെന്നാണ് പല ഏജൻസികളും വിലയിരുത്തിയിരുന്നത്. ഇതെല്ലാം തെറ്റിച്ച്, ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് മൂന്നാം പാദം സമ്മാനിച്ചത്.
ഒന്നും രണ്ടും പാദങ്ങളിൽ യഥാക്രമം 7.8%, 7.6% എന്നിങ്ങനെയായിരുന്നു വളർച്ചാ നിരക്ക്. ഉൽപാദന (11.6%), കെട്ടിടനിർമാണ (9.5%) മേഖലകളിലെ രണ്ടക്ക വളർച്ചയാണ് ഇത്തവണത്തെ കണക്കിൽ പ്രധാനമായും പ്രതിഫലിച്ചത്.രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ–ഡിസംബറിൽ 40.35 ലക്ഷം കോടി രൂപയായിരുന്നത് ഇത്തവണ 43.72 ലക്ഷം കോടി രൂപയായി വർധിച്ചു.