തിരുവനന്തപുരം: ജല അതോറിറ്റി, കെഎസ്ആർടിസി, വൈദ്യുതി ബോർഡ് എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേദന പരിഷ്കരണത്തിനു പൊതു ചട്ടക്കൂട് നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
റിയാബിൻ്റെ (പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇൻ്റേണൽ ഓഡിറ്റ് ബോർഡ്) മുൻ ചെയർമാൻ എൻ.ശശിധരൻനായർ അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭാ യോഗം ഈ തീരുമാനമെടുത്തത്.
കെഎസ്ഇബി, കെഎസ്ആർടിസി, ജലഅതോറിറ്റി എന്നിവയിലും ശമ്പള പരിഷ്കരണ പൊതു ചട്ടക്കൂട് തയ്യാറാക്കാൻ എൻ.ശശിധരൻനായർ സമിതിയെ ചുമതലപ്പെടുത്തി. നാലു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
പൊതുമേഖലാസ്ഥാപനങ്ങളുടെ ശമ്പള, വേദന ഘടനയ്ക്ക് പൊതു ചട്ടക്കൂട് രൂപീകരിക്കുന്നതോടെ ഓരോ സ്ഥാപനത്തിലും ഓരോ ജോലിക്കും നിശ്ചിത ശമ്പള സ്കെയിൽ ഉണ്ടാകും. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളേയും അവിടത്തെ തസ്തികകളെയും വിവിധ വിഭാഗങ്ങളായി തിരിച്ചാകും ശമ്പളവും വേതനവും നിശ്ചയിക്കുക.
പൊതുമേഖല സ്ഥാപനങ്ങളിൽ അംഗീകൃത യൂണിയനുകളും മാനേജ്മെൻ്റും തമ്മിൽ ശമ്പളം സംബന്ധിച്ച് ദീർഘകാല കരാറിൽ ഏർപ്പെടാറുണ്ട്. ‘ വർക്കേഴ്സ് ‘ വിഭാഗത്തിൽ പെടുന്ന തൊഴിലാളികൾക്കാണ് ഇത്തരത്തിൽ ദീർഘകാല കരാറിലൂടെ ശമ്പളം നിർണയിക്കുന്നത്.ഇവർ ഒഴികെയുള്ള ജീവനക്കാർക്കു പൊതു ചട്ടക്കൂട് ബാധകമാക്കാനാണ് സമിതിയുടെ ശുപാർശ. ഓഫീസർമാർ, മാനേജീരിയൽ-മിനിസ്റ്റീരിയൽ ജീവനക്കാർ, എംഡി, സിഇഒ തുടങ്ങിയവർ പൊതു ചട്ടക്കൂടിൽ ഉൾപ്പെടും. പ്രകടനം അടിസ്ഥാനമാക്കി ഗ്രേഡ് ചെയ്യുന്ന രീതി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ട്. ഇത്തരത്തിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെയും ഗ്രേഡ് ചെയ്യും. ഇതിൻറെ അടിസ്ഥാനത്തിലാകും ശമ്പള നിർണയം.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലും വലിയ ലാഭമുണ്ടാക്കുന്ന സ്ഥാപനത്തിലും ഒരേ തസ്തികയിൽ ഒരേ ശമ്പളം നൽകുന്ന രീതി മാറും. എന്നാൽ ഏതെങ്കിലും തസ്തികയിൽ നിലവിൽ വാങ്ങിപോരുന്ന ശമ്പളം കുറയാനിടയില്ല.
ശമ്പളവും ശമ്പള വർദ്ധനയും പലതരത്തിലാണ്.
വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം കോമൺ റിക്രൂട്ട്മെൻറ് ബോർഡിനു കീഴിലാക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.