പേയ്ടിഎം പേയ്മെന്റ്സിനെതിരെയുള്ള നടപടികൾ പുനഃപരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ

ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. പേയ്ടിഎമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. ആർബിഐയുടെ സെൻട്രൽ ബോർഡ് ഡയറക്ടർമാരുടെ യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും പങ്കെടുത്തിരുന്നു.

‘‘പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികൾ ഒരു കാരണവശാലും പുനഃപരിശോധിക്കില്ലെന്നും ഇക്കാര്യത്തിൽ വീണ്ടുവിചാരം ഉണ്ടാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, അത് ഉണ്ടാകില്ലെന്നും വ്യക്തമായിത്തന്നെ അറിയിക്കുന്നു’’ – ശക്തികാന്ത ദാസ് പറഞ്ഞു.

ഫെബ്രുവരി 29ന് ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വോലറ്റുകൾ, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാനാകില്ലെന്ന് ജനുവരി 31നാണ് ആർബിഐ വ്യക്തമാക്കിയത്. അതേസമയം, 29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിൻവലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിനോ തടസ്സമില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ, ബാലൻസ് തുക തീർന്നാൽ പിന്നീട് ഈ സേവനം ഉപയോഗിക്കാനാവില്ലെന്നാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *