മറ്റ് മൂന്നാം കക്ഷി യുപിഐ ആപ്പുകൾ ഉള്ള മൊബൈലുകളിലേക്ക് ഇപ്പോൾ പേടിഎമ്മിൽ നിന്നും പേയ്മെന്റുകൾ നടത്താം എന്ന് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് അറിയിച്ചു. പേടിഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, ഉപയോക്താക്കൾക്ക് ഇപ്പോൾ എല്ലാ യുപിഐ പേയ്മെന്റ് ആപ്പുകളിലുമുള്ള മൊബൈൽ നമ്പറുകളിലേക്കും പേയ്മെന്റുകൾ നടത്താനാകും.
പുതിയ തീരുമാനത്തോടെ പേടിഎം ആപ്പ് ഉപയോക്താക്കൾക്ക് സേവന ദാതാവ് ആരാണെന്നത് പരിഗണിക്കാതെ തന്നെ രജിസ്റ്റർ ചെയ്ത യുപിഐ ഐഡിയുള്ള ഏത് മൊബൈൽ നമ്പറിലേക്കും തൽക്ഷണം പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എല്ലാ പേയ്മെന്റ് സേവന ദാതാക്കളെയും അതിന്റെ യൂണിവേഴ്സൽ ഡാറ്റാബേസ് ആക്സസ് ചെയ്യാനും യുപിഐ പേയ്മെന്റുകൾ പ്രവർത്തനക്ഷമമാക്കാനും പ്രാപ്തമാക്കിയിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഇതോടെ ഉപയോക്താക്കൾക്ക് അതിവേഗത്തിലുള്ള തടസ്സമില്ലാത്തതുമായ പേയ്മെന്റ് അനുഭവം ഉറപ്പാക്കാൻ കമ്പനിക്ക് കഴിയുന്നതായി പ്രസ്താവനയിൽ പറയുന്നു. പേടിഎമ്മിന്റെ യുപിഐ പേയ്മെന്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നീക്കമാണ്. കാരണം ഇത് കൂടുതൽ ഉപയോക്താക്കളെ പേടിഎമ്മിലേക്ക് ആകർഷിക്കും. മാത്രമല്ല,ഇത് കൂടുതൽ ഉപയോക്താക്കളെ ഏത് യുപിഐ ആപ്പിലേക്കും പണം അയയ്ക്കാൻ പ്രാപ്തമാക്കും. ഇത് ഉപയോക്താക്കൾക്ക് ഗുണം ചെയ്യുന്നതിനാൽ തന്നെ ആപ്പിന്റെ സ്വീകാര്യത വർദ്ധിക്കും.
തടസ്സമില്ലാത്തതും സുരക്ഷിതവുമായ പേയ്മെന്റുകൾ ചെയ്യാൻ ഞങ്ങൾ ഉപഭോക്താക്കളെ അനുവദിക്കുന്നു എന്ന് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് വക്താവ് പറഞ്ഞു.
പേടിഎമ്മിൽ നിന്നും മറ്റ് യുപിഐ ആപ്പുകളിലേക്ക് എങ്ങനെ പണം അയയ്ക്കാം
- പേടിഎം ആപ്പിന്റെ ‘യുപിഐ മണി ട്രാൻസ്ഫർ’ വിഭാഗത്തിൽ, ‘യുപിഐ ആപ്പുകളിലേക്ക്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- പണം ആർക്കാണോ അയക്കുന്നത് അവരുടെ യുപിഐ ആപ്പിന്റെ മൊബൈൽ നമ്പർ നൽകുക
- തുക എത്രയെന്ന് നൽകിയ ശേഷം അയക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക