പുതുവർഷത്തിൽ പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ‘മിസ്റ്റി നൈറ്റ് 2023’ (Misty Night – 2023) എന്ന പേരിൽ പുതുവത്സര ആഘോഷരാവാണ് ഒരുക്കിയിരിക്കുന്നത്. വാഗമണ്ണിൽ ഡിസംബറിന്റെ തണുപ്പറിഞ്ഞ് ഒരു രാത്രി ആഘോഷിക്കാനുള്ള അവസരമാണ് കെഎസ്ആർടിസി യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഡിസംബർ 31 ന് രാത്രി 9 മണി മുതൽ ആരംഭിച്ച് 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നിൽക്കുന്ന പുതുവത്സര ആഘോഷരാവാണ് കെഎസ്ആർടിസി വാഗമണ്ണിൽ ഒരുക്കുന്നത്.
ഇതുകൂടാതെ, ആഡംബര കപ്പലായ ‘നെഫര്‍റ്റിറ്റി’യിൽ പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കുന്നതിനും കെഎസ്ആർടിസി ബജറ്റ് ടൂറിസം വഴി യാത്രക്കാർക്ക് അവസരം ഒരുക്കുന്നുണ്ട്. ക്രൂയിസിലും, ഗാല ഡിന്നർ, ഡി ജെ പാർട്ടി, ഓപ്പൺ ഡെക്ക് ഡി.ജെ എന്നിവ അടക്കമുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഡിസംബർ 31 ന് രാത്രി 8.00 മുതൽ 1 മണി വരെയാണ് ക്രൂയിസിലെ പുതു വത്സര ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്നാണ് ‘നെഫര്‍റ്റിറ്റി’ യാത്ര ആരംഭിക്കുന്നത്. കൊച്ചി, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ക്രൂയിസ് യാത്രയിൽ പങ്കെടുക്കാൻ കെഎസ്ആർടിസി യാത്രക്കാർക്ക് അവസരം നൽകുന്നു.