സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 15 വർഷം കഴിഞ്ഞ 1550 വാഹനങ്ങൾ പുറത്തിറക്കാനാകാതെ വന്നതോടെ പുതിയ വാഹനങ്ങൾ വാങ്ങാതെ വാടകയ്ക്കെടുത്താൽ മതിയെന്ന് ഗതാഗതവകുപ്പ് ശുപാർശ ചെയ്തു. അനെർട്ട് വഴി വാടകയ്ക്കെടുക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്നും ഗതാഗത സെക്രട്ടറി റിപ്പോർട്ട് നൽകി.
കേന്ദ്രസർക്കാരിന്റെ ഫെയിം ഇന്ത്യ–2 പദ്ധതിയിൽ അനെർട്ട് വഴി 500 ഇലക്ട്രിക് കാറുകൾ കേരളത്തിന് ലഭിക്കുമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. ഗോവയിൽ 21 ന് നടക്കുന്ന ജി–20 സമ്മേളനത്തിൽ സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ള കാറുകൾക്കായി കരാർ ഒപ്പിടാമെന്നാണ് കേന്ദ്രനിർദേശം.
കേന്ദ്രസർക്കാരിന്റെ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ് (ഇഇഎസ്എൽ) വഴി 5 വർഷത്തെ വാടകയ്ക്കാണ് സംസ്ഥാനങ്ങൾക്ക് ഇലക്ട്രിക് കാറുകൾ കൈമാറുന്നത്. ഡ്രൈവർ ഉൾപ്പെടെ, 25000 – 35000 രൂപവരെയാണ് മാസ വാടക.