രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ പുതിയ സർവീസുകൾ ആരംഭിക്കുന്നു. ബംഗളൂരു-പുണെ, ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലാണ് ആകാശ എയർ സർവീസ് നടത്തുക. ഈ വർഷം ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആകാശ എയറിന്റെ പത്താമത്തെ ലക്ഷ്യ സ്ഥാനമാണ് ഇത്.
ബെംഗളൂരു-വിശാഖപട്ടണം റൂട്ടിൽ, ആകാശ എയർ രണ്ട് പ്രതിദിന സർവീസുകൾ ആരംഭിക്കും. ആദ്യ ഫ്രീക്വൻസി ഡിസംബർ 10 നും രണ്ടാമത്തെ ഫ്രീക്വൻസി ഡിസംബർ 12 നും ആരംഭിക്കും.
ഈ പുതിയ സേവനങ്ങൾ ബെംഗളൂരുവിൽ നിന്ന് മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ, വിശാഖപട്ടണം എന്നിവയുൾപ്പെടെ എട്ട് വ്യത്യസ്ത നഗരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കാൻ ആകാശയെ അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു. 10 ലൊക്കേഷനുകളിൽ എട്ടെണ്ണം ബെംഗളൂരുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ആകാശ എയർ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.