ഇന്നും പുതിയ റെക്കോർഡ് ഉയരം കുറിച്ച ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിൽ തന്നെ ക്ളോസ് ചെയ്തു. ഇന്ന് 23481 എന്ന റെക്കോർഡ് ഉയരത്തിൽ ഓപ്പൺ ചെയ്ത നിഫ്റ്റി 75 പോയിന്റ് നേട്ടത്തിൽ 23398 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 200 പോയിന്റുകൾ മുന്നേറി 76810 പോയിന്റിലും ഇന്ന് ക്ളോസ് ചെയ്തു.ഡിഫൻസ്, റിയൽറ്റി, ഷുഗർ, സിമന്റ് സെക്ടറുകൾ അതിനേട്ടമുണ്ടാക്കിയ ഇന്ന് ഐടി സെക്ടറാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് അടിത്തറയിട്ടത്. ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ, ഓട്ടോ സെക്ടറുകളും ഇന്ന് നേട്ടം കുറിച്ചു.
ശോഭ ലിമിറ്റഡ്, ലോധ, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, കോൾട്ട പാട്ടീൽ മുതലായ ഓഹരികൾ 4% വീതം മുന്നേറിയ ഇന്ന് ഇന്ത്യൻ റിയൽറ്റി സെക്ടറും 2%ൽ കൂടുതൽ മുന്നേറ്റം കുറിച്ചു. ഇന്ത്യയുടെ വ്യാവസായിക വളർച്ചക്കൊപ്പം നഗരവത്കരണവും ത്വരിതപ്പെടുന്നത് റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് തുടർന്നും അനുകൂലമാണ്
ആത്മനിർഭർ ഭാരത് മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി നടത്തുമെന്ന പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനമാണ് ഇന്ന് ഇന്ത്യൻ ഡിഫൻസ് ഓഹരികളുടെ മുന്നേറ്റത്തിൽ നിർണായകമായത്.ഭാരത് ഡൈനാമിക്സ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവ 4%ൽ കൂടുതൽ മുന്നേറിയപ്പോൾ കപ്പൽ നിർമാണ ഓഹരികളും കുതിപ്പ് നടത്തി.