പിഎഫ് പെൻഷനിൽ ആശങ്ക തീരാതെ വിരമിച്ചവർ

ഉയർന്ന പിഎഫ് പെൻഷന് ഓപ്ഷൻ നൽകാൻ പല തവണയായി നീട്ടി നൽകിയ തീയതി അവസാനിക്കുമ്പോഴും 2014 സെപ്റ്റംബർ‌ 1നു മുൻപു വിരമിച്ചവർക്ക് ഓപ്ഷൻ നൽകാൻ അവസരം തേടിയുള്ള കേസുകളിൽ തീരുമാനമായില്ല. അതേസമയം, കോടതി ഉത്തരവു വഴി ഉയർന്ന പെൻ​‍ഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെ പെൻഷൻ വെട്ടിക്കുറച്ചത് പല സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളുടെ ഇടപെടലിനെത്തുടർന്ന് ഇപിഎഫ്ഒ പുനഃസ്ഥാപിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ അന്തിമ വിധി വരുമ്പോൾ ഇത് എന്താവുമെന്ന ആശങ്കയും നിലനിൽക്കുന്നു. ജീവനക്കാരുടെ ശമ്പളവിവരം സമർപ്പിക്കാൻ തൊഴിലുടമകൾക്ക് സെപ്റ്റംബർ 30 വരെ സമയം നീട്ടി നൽ‌കിയിട്ടുള്ളതിനാൽ ഓപ്ഷൻ നൽ‌കാനുള്ള സമയം ഒരിക്കൽക്കൂടി നീട്ടി നൽകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

നേരത്തേ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാൻ കഴിയാതെ പോയവർക്ക് ഒരവസരം കൂടി നൽകി നവംബർ 22ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ 2014 സെപ്റ്റംബർ 1നു മുൻപു വിരമിച്ചവർക്ക് വിധിയുടെ ആനുകൂല്യം ലഭിക്കില്ലെന്നും അവർക്ക് പുതുതായി ഓപ്ഷൻ നൽകാൻ അവസരമില്ലെന്നും പറഞ്ഞിരുന്നു. ഇത്  ചൂണ്ടിക്കാട്ടിയാണ് ഇപിഎഫ്ഒ 2014 സെപ്റ്റംബർ 1നു മുൻപു വിരമിച്ചവരെ ഓപ്ഷൻ നൽകുന്നതിൽ നിന്നു വിലക്കിയത്. എന്നാൽ ഇതിൽ ഭൂരിഭാഗം പേരും ആർ.സി.ഗുപ്ത കേസിൽ 2017ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് ഇപിഎഫ്ഒ ഉയർന്ന പെൻഷനുള്ള ഓപ്ഷൻ പുനഃസ്ഥാപിച്ചപ്പോൾ ഓപ്ഷൻ നൽകിയവരാണ്. ഇതിൽ തുടക്കത്തിൽ ലഭിച്ച അപേക്ഷകൾ ഇപിഎഫ്ഒ സ്വീകരിക്കുകയും ഉയർന്ന പെൻഷൻ അനുവദിക്കുകയും ചെയ്തു. എന്നാൽ പെൻഷൻ വിഷയത്തിൽ ഇപിഎഫ്ഒ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി, പിന്നീടു വന്ന ഓപ്ഷനുകൾ സ്വീകരിക്കാതിരിക്കുകയോ വാങ്ങി വച്ചവയിൽ നടപടിയെടുക്കാതിരിക്കുകയോ ചെയ്തു. ഈ വിഭാഗത്തിൽപെട്ടവരാണ് ഓപ്ഷൻ അവസരം പുനഃസ്ഥാപിച്ചു കിട്ടാനായി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. കേസിൽ നടപടി നീളുന്നതാണ് ആശങ്കയ്ക്കു കാരണം.

തുടക്കത്തിൽതന്നെ ഓപ്ഷൻ നൽകിയവർക്ക് പെൻഷൻ ഫണ്ടിലേക്ക് തിരിച്ചടയ്ക്കേണ്ട തുക സംബന്ധിച്ച കത്തുകൾ ഇപിഎഫ്ഒ അയച്ചു തുടങ്ങിയിട്ടുണ്ട്. ഒറ്റത്തവണയായാണ് തുക തിരിച്ചടയ്ക്കേണ്ടത്. ഓരോ മാസം വൈകുന്തോറും അടയ്ക്കാനുള്ള തുകയിൽ നിലവിലെ പിഎഫ് പലിശയായ 8.15% നിരക്കിൽ വർധന വരും. പിഎഫ് അക്കൗണ്ടിൽ ഇതിനുള്ള പണം ബാക്കിയുണ്ടെങ്കിൽ അതിൽനിന്ന് പെൻഷൻ അക്കൗണ്ടിലേക്കു മാറ്റും. തുക തികയില്ലെങ്കിൽ വരിക്കാരൻ അടയ്ക്കണം. എന്നാൽ ഇതു സംബന്ധിച്ച സമ്മതപത്രം ഒരിക്കൽക്കൂടി നൽകിയാൽ മാത്രമേ പെൻഷൻ ഫണ്ടിലേക്ക് തുക സ്വീകരിക്കുകയുള്ളൂ. 

Leave a Reply

Your email address will not be published. Required fields are marked *