പാലക്കാട് വ്യവസായ നഗരത്തിനായി ആഗോള ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി പി.രാജീവ്.

കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് വ്യവസായ നഗരത്തിനായി ആഗോള ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി പി.രാജീവ്. ഇതിനായി സമയക്രമം നിശ്ചയിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ നേത‍ൃത്വത്തിൽ ടാസ്ക് ഫോഴ്സും രൂപീകരിച്ചു. പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റിനെ നിയമിക്കാനും തീരുമാനിച്ചു.

കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്ക് 50 % വീതം പങ്കാളിത്തമുള്ള പദ്ധതി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ എന്ന എസ്പിവി മുഖേനയാണ് നടപ്പാക്കുന്നത്. ആഗോള ടെൻഡർ വിളിക്കുന്നത് ഉൾപ്പെടെയുള്ള ചുമതല എസ്പിവിക്കാണ്. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ് പദവിയും നൽകും.പദ്ധതിയിൽ 55000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകും. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിക്കും. പദ്ധതി സംസ്ഥാനത്ത് 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് വ്യവസായ നഗരം 1710 ഏക്കറിലാണ് നിലവിൽ വരുന്നത്. പുതുശേരി സെൻട്രലിൽ 1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്രയിൽ 313 ഏക്കറും ഏറ്റെടുത്തു. 3806 കോടിയാണ് മൊത്തം പദ്ധതിച്ചെലവ് . ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി സംസ്ഥാനം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെയും വ്യവസായ മന്ത്രിയെയും സന്ദർശിച്ചപ്പോൾ പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *