പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കുള്ള മാർഗനിർദേശളൊരുക്കാൻ കേന്ദ്രസംഘം അടുത്താഴ്ച കേരളത്തിൽ

കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ നിർദിഷ്ട വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കുള്ള ടെൻഡർ രേഖ തയാറാണെങ്കിലും നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെ മാർഗനിർദേശം കൂടി ലഭിച്ച ശേഷമാകും ടെൻഡറിങ്ങിലേക്കു കടക്കുക. പദ്ധതി ഒറ്റ ഘട്ടമായാണോ ഒന്നിലധികം ഘട്ടമായാണോ നടപ്പാക്കേണ്ടതെന്ന നിർദേശവും അടുത്തയാഴ്ച കേരളം സന്ദർശിക്കുന്ന കേന്ദ്രസംഘം നൽകും. എൻഐസിഡിസി സിഇഒയുടെ നേതൃത്വത്തിലുള്ള സംഘമാണു കേരളത്തിലെത്തുക

കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ എന്ന പേരിൽ കേന്ദ്രവും സംസ്ഥാനവും ചേർന്നു പ്രത്യേകോദ്ദേശ്യ കമ്പനി (എസ്പിവി) രൂപീകരിച്ചിട്ടുണ്ട്. ടെൻഡർ എസ്പിവിയാണോ എൻഐസിഡിസിയാണോ വിളിക്കേണ്ടത് എന്ന കാര്യത്തിലും അന്തിമ തീരുമാനം കേന്ദ്രമെടുക്കും. ഡിപിആർ പ്രകാരം പദ്ധതി നടക്കുന്നുവെന്ന് ഉറപ്പാക്കാനായി നിയമിക്കുന്ന പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസിയെ കണ്ടെത്താനാണ് ആദ്യത്തെ ടെൻഡർ വിളിക്കുക. പിഎംസിയെ തിരഞ്ഞെടുത്ത ശേഷമാകും പദ്ധതി നടത്തിപ്പിനുള്ള കമ്പനിയെ കണ്ടെത്താനുള്ള ടെൻ‍ഡർ. സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരും വ്യവസായ സ്മാർട്ട് സിറ്റിക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ കേന്ദ്രസർക്കാരും 1710 കോടി രൂപ വീതം മുടക്കുമെന്നാണു ധാരണ. ഇതിൽ ഭൂമിയേറ്റെടുക്കലിനുള്ള തുക സംസ്ഥാനം ചെലവിട്ടു കഴിഞ്ഞു. ഇനി കേന്ദ്രത്തിന്റെ ഫണ്ട് ലഭിച്ചെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. ആയിരത്തിലധികം ഏക്കർ സ്ഥലം ഏറ്റെടുത്തിരിക്കുന്ന പുതുശ്ശേരി സെൻട്രലിലാണു പദ്ധതിയുടെ സിംഹഭാഗവും വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *