പാഠപുസ്തകവും ലോട്ടറിയും അച്ചടിച്ച വകയിൽ കെബിപിഎസ് ന് കുടിശിക 319 കോടി

പാഠപുസ്തകവും ലോട്ടറിയും അച്ചടിച്ച വകയിൽ കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിക്ക് (കെബിപിഎസ്) കുടിശികയുള്ള 319 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനം ധനമന്ത്രിയുടെ ഓഫിസിന് കത്തു നൽകി. വിവിധ സ്ഥാപനങ്ങൾക്ക് മുൻകൂറായി പണം നൽകിയാണ് അച്ചടിക്കായി കടലാസ് വാങ്ങിയതെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനത്തിന് ഈ മാസത്തെ ശമ്പളം വിതരണം ചെയ്യാൻ അടിയന്തര ധനസഹായം ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

പാഠപുസ്തകങ്ങൾ അച്ചടിച്ച വകയിൽ വിദ്യാഭ്യാസ വകുപ്പ് 268.74 കോടി രൂപയും ലോട്ടറി വകുപ്പ് 35.41 കോടി രൂപയും മറ്റു വകുപ്പുകൾ 14.86 കോടി രൂപയും നൽകാനുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പാഠപുസ്തങ്ങളും ലോട്ടറിയും അച്ചടിക്കുന്ന കടലാസിനു മുൻകൂറായി പണം കൈമാറി. പുസ്തകം വിതരണം ചെയ്യുന്നതിനു കുടുംബശ്രീക്കും പണം നൽകി. എങ്കിലും വകുപ്പുകളിൽനിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ല.

2023–24 സാമ്പത്തിക വർഷത്തിൽ പാഠപുസ്തകം അച്ചടിക്കുന്നതിനായി മുഴുവൻ തുകയും തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡിനു കൈമാറി. 91.80 കോടി രൂപയാണ് കൈമാറിയതെങ്കിലും സർക്കാരിൽനിന്ന് പണം ലഭിച്ചില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനത്തിന് ഇനിയും തുക ചെലവിടാനാകില്ല. സൊസൈറ്റിക്ക് ഗ്രാന്റോ ധനസഹായമോ ലഭിക്കുന്നില്ലെന്നും ദൈനംദിന പ്രവർത്തനങ്ങൾക്കായി എത്രയും വേഗം പണം അനുവദിക്കണമെന്നും കത്തിൽ അഭ്യർഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *