സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുമായി സർക്കാരും ധനകാര്യ സ്ഥാപനങ്ങളും നിരവധി പദ്ധതികൾക്ക് തുടക്കമിടുകയും ആനൂകൂല്യങ്ങൾ നൽകുകയും ചെയ്തുവരുന്നുണ്ട്. വായ്പയെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള, ചില പ്രത്യേക വിഭാഗങ്ങൾക്ക് വിവിധ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും പലിശനിരക്കിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ പേരിൽ വായ്പയെടുത്താൽ പലിശ നിരക്കിൽ ഇളവുകളും പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ചുരുക്കം. സ്ത്രീകൾക്ക് മാത്രമായി ലഭിക്കുന്ന ആനൂകൂല്യങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾ വായ്പയെടുക്കുന്ന സ്ത്രീകൾക്ക് ഇൻസെന്റീവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ബാങ്കുകളിൽ നിന്നും ഭവന വായ്പയെടുക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ഇളവ് നൽകുന്നുണ്ട്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും സ്ത്രീകൾ ഭവന വായ്പയെടുക്കുകയാണെങ്കിൽ വായ്പ പലിശയിൽ 0.05 ശതമാനം ഇളവ് ലഭിക്കും. മത്രമല്ല വായ്പയെടുക്കുന്ന സ്ത്രീയുടെ ക്രെഡിറ്റ് സ്‌കോർ അനുസരിച്ച് 9.15 ശതമാനം മുതൽ 10.15 ശതമാനം വരെ പലിശ സ്ത്രീകൾക്ക് ലഭിക്കും
എച്ച്ഡിഎഫ്സി ബാങ്കും സമാനമായ ഇളവാണ് സ്ത്രീകൾക്ക് വാഗ്ദാനം ചെയ്യുന്നത്. ക്രെഡിറ്റ് സ്‌കോറും ലോൺ തുകയും അനുസരിച്ച് 8.95 ശതമാനം മുതൽ 9.85 ശതമാനം വരെ പലിശ നിരക്കിൽ വനിതകൾക്ക് വായ്പ ലഭിക്കും.
കാനറ ബാങ്ക് വനിതാ ഉപഭോക്താക്കൾക്ക്, 8.85% മുതൽ ഭവനവായ്പ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.സ്ത്രീകൾ ഉടമകളോ സഹ ഉടമകളോ ആയി വായ്പ എടുക്കുമ്പോൾ യൂണിയൻ ബാങ്ക് ഇന്ത്യ 0.05 ശതമാനം കിഴിവ് പലിശ നിരക്കിൽ വായ്പ നൽകുന്നത്.
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എൻബിഎഫ്സികളിൽ നിന്നും വനിതാ ഉപഭോക്താക്കൾ വായ്പയെടുക്കുമ്പേൾ വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യാൻ അനുവാദമുണ്ട്.അതിനാൽ, പല എൻബിഎഫ്സികളും ഭവനവായ്പയ്ക്കായി അപേക്ഷിക്കുന്ന സ്ത്രീ വായ്പക്കാർക്ക് ഇളവോടുകൂടിയ് പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വായ്പ തുക, ലോൺ കാലാവധി, ക്രെഡിറ്റ് സ്‌കോർ, വരുമാന നിലവാരം, മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ച് ഇളവുകൾ കുറഞ്ഞ ബേസിസ് പോയിന്റ് മുതൽ ഒരു ശതമാനമോ അതിലധികമോ ആകാം.
വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ബാങ്കുകളിലെയു മറ്റും പലിശ നിരക്കുകളും വ്യവസ്ഥകളും താരതമ്യം ചെയ്യുകയും, ബാങ്കിൽ നിന്നോ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ആവശ്യങ്ങൾക്കനുയോജ്യമായ വായ്പ എടുക്കാൻ ശ്രദ്ധിക്കുകയും വേണം. വായ്പ എടുത്തവര്ക്ക് മൊത്തം തിരിച്ചടവിന് പരമാവധി 1.5 ലക്ഷം രൂപയും, പലിശ പേയ്‌മെന്റുകൾക്ക് 2 ലക്ഷം രൂപയും നികുതിയിളവ് ലഭിക്കും