പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി

പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ  അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി.  പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി വച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ കെഎസ്ആർടിസി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്ആര്‍ടിസി സുപ്രിം കോടതിയില്‍‌ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു. 

ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹർജിയിൽ ചോദ്യം ചെയ്യുന്നു.  മുൻ സുപ്രിം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന  മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *