ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് ജനുവരി മുതൽ പണം സ്വീകരിക്കാൻ താൽക്കാലിക വിലക്ക് നേരിട്ടേക്കാം. ഒരു വർഷമായി പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്യാത്ത യുപിഐ ഐഡികളും നമ്പറുകളും ഡിസംബർ 31നകം താൽക്കാലികമായി മരവിപ്പിക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഉത്തരവിട്ടു.
ഉപയോഗമില്ലാത്ത യുപിഐ ഐഡികളും അതുമായി ബന്ധപ്പെട്ട നമ്പറുകളും കണ്ടെത്തി അവയിലേക്ക് പണം എത്തുന്നത് വിലക്കാനാണ് നിർദേശം.
വ്യക്തികൾ ഫോൺ നമ്പറുകൾ മാറുമ്പോൾ പലപ്പോഴും പഴയ നമ്പർ യുപിഐ ഐഡിയിൽ നിന്ന് വിച്ഛേദിക്കാൻ വിട്ടുപോകാറുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടപ്രകാരം നിഷ്ക്രിയമായ നമ്പർ 90 ദിവസം കഴിഞ്ഞ് മറ്റൊരു വ്യക്തിക്ക് അനുവദിച്ചേക്കാം. ഇതുവഴിയുണ്ടായേക്കാവുന്ന ദുരുപയോഗം തടയാനാണ് എൻപിസിഐയുടെ നീക്കം.
ജനുവരി മുതൽ ഇക്കാരണത്താൽ പണം സ്വീകരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർ അതത് യുപിഐ ആപ്പിൽ വീണ്ടും റജിസ്റ്റർ (റീ–റജിസ്റ്റർ) ചെയ്യണം. ഇത് ചെയ്താൽ യുപിഐ സേവനം പഴയതുപോലെ ലഭ്യമാകും.