പഞ്ചാബിനു പിന്നാലെ ബിഎസ്എൻഎൽ 4ജി സേവനം കേരളത്തിൽ

പഞ്ചാബിനു പിന്നാലെ ബിഎസ്എൻഎൽ 4ജി സേവനമെത്തുക കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. 4ജിയുടെ ട്രയൽ പഞ്ചാബിലാണു നടക്കുന്നത്.കേരളത്തിൽ നിലവിലുള്ള 6,052 ടവറുകൾ 4ജി ആക്കി മാറ്റുന്നതിനു പുറമേ, 871 പുതിയ 4ജി ടവറുകൾ കൂടി ആദ്യഘട്ടത്തിൽ വരും. പുതിയ ടവർ നിർമിക്കുകയോ ടവർ സേവനദാതാക്കളുടെ ടവറുകൾ ഇതിനായി ഉപയോഗിക്കുകയോ ചെയ്യും. ഇതോടെ ആകെ ടവറുകളുടെ എണ്ണം 6,923 ആകും. കവറേജ് കുറവുള്ള സ്ഥലങ്ങളിലും ഇതോടെ ബിഎസ്എൻഎൽ ശൃംഖല എത്തുമെന്നാണ് കരുതുന്നത്.

ബിഎസ്എൻഎലിന് ഏറ്റവും വരുമാനമുള്ള ടെലികോം സർക്കിളുകളിലാണ് ആദ്യം 4ജി എത്തുക. കേരളമാണ് ഈ പട്ടികയിൽ മുന്നിൽ. ഏകദേശം 1,656 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ വരുമാനം.ടവറിൽ സ്ഥാപിക്കാനുള്ള 4ജി ഉപകരണങ്ങൾ വൈകാതെ എത്തിച്ചുതുടങ്ങും. ഇവ താൽക്കാലികമായി സൂക്ഷിക്കാനായി മിക്ക ജില്ലകളിലും സ്പേസ് നീക്കിവച്ചുകഴിഞ്ഞു.

ടിസിഎസ് (ടാറ്റ കൺസൽറ്റൻസി സർവീസസ്) ആണ് 4ജി സാങ്കേതികവിദ്യ നൽകുന്നത്. ഇവരുടെ ഉദ്യോഗസ്ഥർ വിവിധ ജില്ലകളിലെത്തിയിരുന്നു. പഞ്ചാബിലെ ട്രയൽ കഴിഞ്ഞാലുടൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 4ജി പ്രവൃത്തികൾ ആരംഭിക്കും. കേരളത്തിലടക്കം ബിഎസ്എൻഎലിന് കഴിഞ്ഞ ദിവസം ടെലികോം സ്പെക്ട്രം അനുവദിച്ചിരുന്നു. ജൂണിൽ രാജ്യമാകെ ബിഎസ്എൻഎൽ 4ജി എത്തുമെന്നാണ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രവീൺ കുമാർ പർവാർ പറഞ്ഞത്.

പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച 4ജി ഉപകരണങ്ങളാണ് ബിഎസ്എൻഎൽ ഉപയോഗിക്കുക. ഇതുവരെ നോക്കിയ, എറിക്സൺ പോലെയുള്ള കമ്പനികളുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. 5ജിയിലേക്ക് ബിഎസ്എൻഎലിനു മാറാൻ ഈ ഉപകരണം മാറ്റേണ്ടതില്ല. ‘5ജി റെഡി’ ആയ സംവിധാനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *