നേമം റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്തും വൈകാതെ ആകും.തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായി നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു പേരു മാറ്റം.
തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് ഉപഗ്രഹ ടെർമിനലുകൾ വികസിപ്പിക്കാൻ തീരുമാനമായത്. തിരുവനന്തപുരം ഏരിയ വികസന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ഏപ്രിലിൽ ആണ്. തിരുവനന്തപുരത്തേക്കു ടിക്കറ്റെടുക്കുന്ന ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള യാത്രക്കാർക്കു തിരുവനന്തപുരത്തേക്കു നേരിട്ടുള്ള ട്രെയിൻ കിട്ടിയില്ലെങ്കിൽ യാത്ര ഉപേക്ഷിക്കുന്നതായിരുന്നു പതിവ്. പലർക്കും കൊച്ചുവേളി എന്നൊരു സ്റ്റേഷനുണ്ടെന്നും അതു തിരുവനന്തപുരത്തിന് തൊട്ടടുത്താണെന്നും അറിയില്ല. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സ്റ്റേഷനുകൾ നവീകരിക്കുന്നതോടെ ടിക്കറ്റിങ് പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടും. വരുമാനവും വർധിക്കും.
പേരു മാറ്റുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ഈ മാസം ഒന്നിന് സംസ്ഥാനത്തിനു കത്തു നൽകിയിരുന്നു. ഈ ആവശ്യം സംസ്ഥാനം അംഗീകരിക്കുന്നുവെന്നു കാട്ടി ഗതാഗത വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്നലെ കത്തയച്ചു.