ഇന്നലെ ഇൻട്രാഡേയില്‍ കുറിച്ച റെക്കോർഡ് ഉയരം മറികടക്കാനായില്ലെങ്കിലും ഇന്ന് നേട്ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിഫ്റ്റി 51 പോയിന്റ് നേട്ടത്തിൽ 23567ലും സെൻസെക്സ് 141 പോയിന്‍റുയര്‍ന്ന് 77478 പോയിന്റിലും ക്ളോസ് ചെയ്തു.
ഇന്നും മുന്നേറ്റം തുടർന്ന ബാങ്ക് നിഫ്റ്റിയും ഇന്നലത്തെ റെക്കോർഡ് മറികടന്നില്ലെങ്കിലും 385 പോയിന്റ് നേട്ടത്തിൽ 51783 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസും ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും ഹിന്ദുസ്ഥാൻ യൂണിലിവറും കോട്ടക്ക് ബാങ്കും ഇന്ന് ഒരു ശതമാനം വീതം മുന്നേറിയതും വിപണിയുടെ മുന്നേറ്റത്തിന് അടിസ്ഥാനമിട്ടു. ഫാർമ, ഓട്ടോ സെക്ടറുകൾക്കൊപ്പം പൊതുമേഖല ബാങ്കിങ് സെക്ടറും ഇന്ന് നഷ്ടം കുറിച്ചു.