സപ്ലൈകോ നടത്തിയ നെല്ലുസംഭരണത്തിന്റെ വിലയായി കർഷകർക്കുള്ള കുടിശിക തീർക്കാൻ ബാങ്ക് കൺസോർഷ്യത്തിൽനിന്നു 400 കോടി രൂപ വായ്പ ലഭിക്കാൻ സാധ്യത മങ്ങി. ഇതോടെ ആയിരക്കണക്കിനു കർഷകർ ഓണക്കാലത്തു കടത്തിലാകുന്ന സ്ഥിതിയാകും. മന്ത്രിസഭാ ഉപസമിതിയും ധനകാര്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ പലതവണ ചർച്ച നടത്തിയെങ്കിലും ഒരു മാസമായിട്ടും കൺസോർഷ്യത്തിൽനിന്ന് അനുകൂല പ്രതികരണമില്ല. ഹെഡ് ഓഫിസിൽനിന്നു മറുപടിക്കായി കാത്തിരിക്കുകയാണെന്നാണു ബാങ്ക് പ്രതിനിധികളുടെ മറുപടി. എസ്ബിഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ അടങ്ങുന്നതാണ് കൺസോർഷ്യം.
മുൻപു കേരള ബാങ്കിൽനിന്നു സപ്ലൈകോ വായ്പയെടുത്തിരുന്നെങ്കിലും കർഷകർക്കു തുക നൽകുന്നതിൽ വന്ന കാലതാമസത്തെ ചൊല്ലി സപ്ലൈകോയും കേരള ബാങ്കും പരസ്യ പ്രസ്താവനകളുമായി ഏറ്റുമുട്ടിയിരുന്നു. ഇതോടെ ഇനി വായ്പ നൽകേണ്ടതില്ലെന്ന നിലപാടിലാണു കേരള ബാങ്ക്. വായ്പയ്ക്കായി കേരള ബാങ്കിനെ സമീപിക്കാതെ ബാങ്ക് കൺസോർഷ്യത്തെ തേടിപ്പോയ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നടപടികളും അതൃപ്തിക്കു പിന്നിലുണ്ട്.