ലോക പ്രശസ്ത കൊറിയർ കമ്പനിയായ ഫെഡെക്സിൽ നിന്നാണെന്ന പേരിൽ തട്ടിപ്പ് ഫോൺ കോളുകൾ വ്യാപകം. ഇതു സംബന്ധിച്ച് ഫെഡെക്സ് മുന്നറിയിപ്പുമായി രംഗത്തെത്തി. സ്ത്രീശബ്ദമാണ്– നിങ്ങളുടെ പേരിൽ ചൈനയിൽ നിന്നു നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ട്, അതിനാൽ തടഞ്ഞുവച്ചിരിക്കുകയാണ്.
കൂടുതൽ അറിയണമെങ്കിൽ 9 അമർത്തുക…എന്നിങ്ങനെയാണ് കോൾ തുടങ്ങുന്നത്. താൻ ചൈനയിൽ നിന്നു പാഴ്സൽ ബുക്ക് ചെയ്തിട്ടില്ലെന്ന് അറിയിച്ചാൽ സാരമില്ല, എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾ പറഞ്ഞു തരാം എന്ന് ആശ്വസിപ്പിക്കും. അടുത്തെങ്ങാനും നിങ്ങളുടെ പാൻ കാർഡോ, ആധാറോ ഏതെങ്കിലും കളഞ്ഞു പോയിട്ടുണ്ടോ എന്നും ചോദിക്കും. അങ്ങനെ പലർക്കും കളഞ്ഞു പോയിട്ടുണ്ടാവാം, അല്ലെങ്കിൽ തീർച്ചയില്ലായിരിക്കാം. ഇതു തട്ടിപ്പുകാർ മുതലാക്കും. നിങ്ങളുടെ പേരിലുള്ള ഐഡി മറ്റാരോ ഉപയോഗിക്കുന്നുവെന്നും അതുവച്ചാണ് പാഴ്സൽ ബുക്ക് ചെയ്തിരിക്കുന്നതെന്നും പറയും.
ഇംഗ്ലിഷിലാണു സംസാരം. പ്രശ്നം പരിഹരിക്കാൻ മുംബൈയിൽ വരണം. നിങ്ങൾ വീണെന്നു കണ്ടാൽ അടുത്ത വിളി മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നു പൊലീസിന്റെ പേരിലാകും. മൊഴിയെടുക്കാൻ മുംബൈയിൽ വരണം. തായ്‌വാനിൽ നിന്നാണെന്നു പറഞ്ഞു വിളിക്കുന്നവരുമുണ്ട്. പാഴ്സലിൽ ലഹരിമരുന്ന് കണ്ടെത്തിയെന്നും നർകോട്ടിക്സ് വിഭാഗം കേസെടുക്കാൻ പോവുകയാണെന്നും വിരട്ടും. മുംബൈയിൽ വരാൻ ആവശ്യപ്പെടുമ്പോൾ പലരും അത് ഒഴിവാക്കാൻ ശ്രമിക്കുന്നു. വലിയൊരു തുക കൊടുത്താൽ കേസ് ഒതുക്കാമെന്നു വാഗ്ദാനം. അതിലാണു മിക്കവർക്കും പണം നഷ്ടമാകുന്നത്. പണം അയയ്ക്കാൻ തട്ടിപ്പുകാർ ചില ആപ്പും നിർദേശിക്കും. അവർ പറയുന്ന ആപ് ഡൗൺലോഡ് ചെയ്യുന്നതോടെ മറ്റു പല തട്ടിപ്പുകൾക്കും വഴിയൊരുങ്ങും