നിധി കമ്പനികൾ;   വേറിട്ട  ബിസിനസ് മോഡൽ 

കേരളം , പൊതുവെ  നിക്ഷേപ സൗഹാർദ്ദം  അല്ല എന്ന അഭിപ്രായങ്ങൾ ഉണ്ടെങ്കിലും  നിധി  കമ്പനികൾ ഉൾപ്പെടുന്ന എല്ലാ ഫിനാൻസ് കമ്പനികൾക്കും   വളരാൻ പറ്റുന്ന വളക്കൂറുള്ള മണ്ണാണ്.
അതുകൊണ്ടാവും  നിധി എന്ന ലേബലിൽ 1,000 ൽ അധികം കമ്പനികളും അവയുടെ ധാരാളം ബ്രാഞ്ചുകളും തഴച്ചു വളരുന്നു. കുറെയധികം നിധി കമ്പനികൾ അടച്ചുപൂട്ടുന്നു. ചിലതൊക്കെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചില നിധി കമ്പനികൾ അവയുടെ പ്രവർത്തനത്തിൽ അനശ്ചിതത്വം കാണിക്കുന്നു. ഇവയൊക്കെ കാരണം ആകും പൊതുജനം  ആശങ്കയിലുമാണ്.

എന്താണ് ഈ നിധി കമ്പനികൾ?

കമ്പനീസ് ആക്ട്  2013 ലെ  വകുപ്പ് 406  പ്രകാരം  പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന് കീഴിലെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം  അംഗീകാരം നൽകുന്ന മ്യൂച്വൽ ബെനെഫിറ് സൊസൈറ്റി ആണ്  നിധികൾ.അംഗങ്ങളിൽ  നിന്നും   എഫ്‍ഡി, ആർഡി, സേവിങ്  ഡെപ്പോസിറ്റുകൾ സ്വീകരിക്കുവാനും, അംഗങ്ങൾക്ക് മാത്രം സെക്യൂർഡ് ലോൺ കൊടുക്കാനും ഉതകുന്ന രീതിയിലാണ്  ഇവയുടെ  പ്രവർത്തനം.

ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നതിൽ  നിധികൾക്കു ആർബിഐ  ആക്ട് ബാധകം ആകുന്നില്ല എങ്കിലും, പരോക്ഷമായി ആർബിഐയുടെ  ഡെപോസിറ്റ് നിയമങ്ങളിലെ പലിശ നിയമങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു.   നിധികളുടെ ,  നിയമപരമായ നിലനിൽപ്പ്, NDH -4  ഫോം, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ  ഫയൽ ചെയ്ത് , അംഗീകാരം നേടുന്നതിൽ ആണ്.

 ഒരു പബ്ലിക് കമ്പനിയെ , “ നിധി കമ്പനി “ ആയി പ്രഖ്യാപിക്കുന്നതിനുള്ള അപേക്ഷ ആണിത്  . ഇതിനുള്ള സമയപരിധി, കമ്പനി , രൂപീകരിച്ച ശേഷം,  120 ദിവസങ്ങൾക്കകം ആണ്. അംഗീകാരം കിട്ടിയ നിധികളുടെ ലിസ്റ്റ് ഗസറ്റിൽ പരസ്യം ചെയ്യുന്നതാണ്. 
 ഫോമിൽ  , നിർബന്ധമായും ചേർക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്:-   

ഈ കമ്പനിയുടെ എല്ലാ പ്രമോട്ടർമാരും ഡയറക്ടർമാരും  ഒരു സ്വയംപ്രഖ്യാപിത സാക്ഷിപത്രം കൊടുക്കേണ്ടതാണ്.

 മറ്റു വ്യവസ്ഥകൾ

 200 കുറയാത്ത അംഗങ്ങൾ ഉണ്ടെന്നും 20 ലക്ഷം രൂപയോ അതിൽ കൂടുതലോ  നെറ്റ് ഓൺഡ്  ഫണ്ട്  ഉണ്ടെന്നു  കാണിക്കുന്ന  സാക്ഷ്യപത്രം വേണം. ചുരുക്കത്തിൽ,  നിധി കമ്പനിയിൽ 20 ലക്ഷത്തിനു മുകളിൽ പെയ്ഡ്  അപ്   മൂലധനം കൊണ്ടുവരാൻ, പ്രമോട്ടർമാർക്ക് കഴിയണം.

നിധി കമ്പനികളുടെ പ്രവർത്തങ്ങൾക്കായി , നിധി റൂൾസ് 2014  ൻെറ ഭേദഗതികളും കേന്ദ്ര സർക്കാർ കൊണ്ടുവരുന്നു.
ഏറ്റവും , അവസാനം കൊണ്ട് വന്ന ഭേദഗതി മാർച്ച് 2022ൽ ആണ് നടന്നത്.കാലോചിതം  എന്ന് പറയാൻ  തീർത്തും കഴിയില്ല എങ്കിലും  ഈ ഭേദഗതി ഒരു പരിധി വരെ നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാൻ  ഉതകുന്നതാകും എന്ന് കരുതുന്നു.

ഈ നിയമഭേദഗതി കാരണം   സെൻട്രൽ ഗവൺമെൻറ്     കുറച്ചുകൂടി കാര്യക്ഷമമായി, നിധി കമ്പനികളുടെ പ്രവർത്തനത്തിൽ കൈകടത്തുക വഴി , പൊതുജനങ്ങൾക്കും നിക്ഷേപകർക്കും നിധി കമ്പനി നടത്തിപ്പുകാർക്കും നിധി മെമ്പേഴ്സിനും  പ്രയോജനപ്രദമാകും എന്ന് പ്രത്യാശിക്കാം. പൊതുവിൽ പറഞ്ഞാൽ, നിധി കമ്പനികൾക്ക് മുമ്പോട്ടു പോകുവാൻ ഉള്ള ഒരു  വഴിവെളിച്ചം ആണ്  ഈ   ഭേദഗതി.

മാറ്റങ്ങൾ ഇങ്ങനെ

പുതിയ ഭേദഗതിയോടെ  മറ്റേതെങ്കിലും കമ്പനിയുടെ സെക്യൂരിറ്റികൾ ഏറ്റെടുക്കുക, അല്ലെങ്കിൽ ഏതെങ്കിലും കമ്പനിയുടെ ഡയറക്ടർ ബോർഡിന്  മേലുള്ള നിയന്ത്രണം അല്ലെങ്കിൽ മാനേജ്മെൻറ് മാറ്റം വരുത്താനുള്ള കഴിവ് നിധി  കമ്പനികൾക്ക് ഉണ്ടാവില്ല .

നിധി അംഗങ്ങൾക്ക് വായ്പ നൽകുന്നതിനായി നിധി കമ്പനികൾക്ക്,  ബാങ്കുകളിൽ നിന്നോ , മറ്റു ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ, മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ വായ്പ എടുക്കാൻ കഴിയില്ല .
  അംഗങ്ങളുടെ ഷെയറുകളുടെ കൈമാറ്റത്തിലുമുണ്ട്  മാറ്റങ്ങൾ.

ലോൺ അല്ലെങ്കിൽ നിക്ഷേപം നടത്തിയിരിക്കുന്ന കാലയളവിൽ  ഒരു നിധി കമ്പനി മെമ്പറിൻെറ  ഷെയർ  ഹോൾഡിങ്സിൻെറ  50 ശതമാനത്തിൽ കൂടുതൽ കൈമാറുവാൻ കഴിയില്ല.  നിധി കമ്പനികളുടെ പ്രമോട്ടർമാർ  സ്വന്തം ഷെയർ ഹോൾഡിങ്സ് പുറത്തുള്ളവർക്ക് കൈമാറ്റം ചെയ്യുകവഴി   സമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാനാണ്, ഇപ്പോൾ ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്.

  പ്രധാനപ്പെട്ട അടുത്ത കാര്യം  ശാഖകൾ തുറക്കുന്നതിനെ കുറിച്ചാണ്.
 ഇനിമേൽ, നിധി കമ്പനി  നിലനിൽക്കുന്ന ജില്ലകൾക്ക് അകത്തോ, പുറത്തോ കൂടുതൽ ശാഖകൾ തുറക്കുവാൻ ഒരു “നിധി കമ്പനി” ചിന്തിക്കുന്നുണ്ട് എങ്കിൽ,  അതിൻറെ അപേക്ഷ NDH -2 ഫോമിൽ ആയിരിക്കണം.
 കളക്ഷൻ സെൻസറുകളും, ഡെപ്പോസിറ്റ് സെൻസറുകളും നിധി ശാഖകൾ   ആയിത്തന്നെ പരിഗണിക്കും. ഒരു  നിധി കമ്പനി, ഒരു സാമ്പത്തിക വർഷത്തിൽ,  25 ശതമാനത്തിൽ കൂടുതൽ ലാഭവിഹിതം പ്രഖ്യാപിക്കാൻ പാടില്ല

ബ്രാഞ്ച്  ക്ലോസ് ചെയ്യണോ? 

 നിലവിലുള്ള നിക്ഷേപങ്ങൾ എങ്ങനെ തിരിച്ചടയ്ക്കാം എന്നും,  നിലവിലുള്ള വായ്പകൾ എങ്ങനെ തിരിച്ചു കമ്പനിയിലേക്ക് കൊണ്ടുവരാം എന്നുമുള്ള ”പ്ലാൻ”സഹിതം ബ്രാഞ്ച് അടച്ചുപൂട്ടാനുള്ള നിർദ്ദേശം “ ബോർഡ് ഓഫ് ഡയറക്ടേഴ്സ്”  അംഗീകരിച്ച ശേഷം , NDH -2 ഫോമിൽ  “REGIONAL ഡയറക്ടറുടെ”  മുൻകൂർ അനുമതി60 ദിവസങ്ങൾക്കു മുൻപ് ,  നേടിയിരിക്കണം .അതുപോലെ,  NDH- 5  ഫോമിൽ,  ഒരു പ്രാദേശിക ഭാഷാ പത്രത്തിൽ , ബ്രാഞ്ച് അടച്ചുപൂട്ടാനുള്ള ഉള്ള കമ്പനിയുടെ സന്നദ്ധത പരസ്യം ആക്കുകയും ചെയ്യണം. ആ ബ്രാഞ്ചിന്,  അടച്ചുപൂട്ടൽ കഴിഞ്ഞു 30 ദിവസത്തിനുള്ളിൽ NDH – 2  ഫോമിൽ രജിസ്ട്രാർക്ക് അറിയിപ്പ് നൽകുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *