നിക്ഷേപകർക്കു തിരികെ നൽകാൻ പണമില്ലാതെ കെടിഡിഎഫ്സി പ്രതിസന്ധിയിൽ.

സർക്കാർ ഉടമസ്ഥതയിലുള്ള കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി) നിക്ഷേപകർക്കു തിരികെ നൽകാൻ പണമില്ലാതെ പ്രതിസന്ധിയിൽ. 170 കോടിയോളം നിക്ഷേപമുള്ള കൊൽക്കത്തയിലെ സ്ഥാപനം തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് പലതവണ തിരുവനന്തപുരത്ത് കെടിഡിഎഫ്സിയെ സമീപിച്ച്, പണം ലഭിക്കാത്തതിനാൽ നിയമനടപടികളിലേക്കു കടക്കുമെന്ന് അറിയിച്ചു. ഉത്തരേന്ത്യയിലെ ചില സ്ഥാപനങ്ങളും കൊൽക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷനുമാണ് പ്രധാന നിക്ഷേപകർ.

580 കോടിയോളം നിക്ഷേപമുള്ള കെ‌ടിഡിഎഫ്സിയിൽ നിക്ഷേപം കാലാവധി പൂർത്തിയായ സ്ഥാപനങ്ങൾ സമീപിക്കുമ്പോൾ കെടിഡിഎഫ്സി കൈമലർത്തുകയാണ്. സർക്കാരിന്റെ ഗാരന്റിയിലാണ് ഇവിടെ നിക്ഷേപിച്ചതെന്നതിനാൽ നിക്ഷേപകർ കോടതിയെ സമീപിച്ചാൽ സർക്കാർ സ്ഥാപനങ്ങൾ ജപ്തിഭീഷണിയിലുമാകും. കെടിഡിഎഫ്സിയിൽ നിക്ഷേപകർക്ക് തിരികെനൽകാന്‍ പണമില്ലെന്നറിഞ്ഞതോടെ കാലാവധി പൂർത്തിയാകാത്ത നിക്ഷേപകരും പണം തിരികെ ചോദിച്ചുതുടങ്ങി.2018ൽ കെഎസ്ആർടിസിക്കു നൽകിയ 350 കോടി കിട്ടാക്കടമായി പെരുകിയതോടെ നിക്ഷേപം സ്വീകരിക്കുന്നതും മറ്റു ധനകാര്യസ്ഥാപനങ്ങളിൽനിന്നു വായ്പയെടുക്കുന്നതും റിസർവ് ബാങ്ക് തടഞ്ഞിരുന്നു. ഇതോടെയാണ് പ്രതിസന്ധി കടുത്തത്.

കെഎസ്ആർടിസി 350 കോടി രൂപ വായ്പയെടുത്ത ശേഷം പിന്നെ പണം തിരിച്ചടച്ചില്ല. പലിശയും പിഴപ്പലിശയുമായി 780 കോടി രൂപയായി. ഇൗ പണം തിരിച്ചടയ്ക്കാൻ കെഎസ്ആർടിസിക്കോ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സർക്കാരിനോ കഴിയുന്നുമില്ല. ഇത്രയും തുക നൽകാനില്ലെന്നായിരുന്നു കെഎസ്ആർടിസി വാദിച്ചത്. സർക്കാർ തന്നെ പ്രത്യേക ചാർട്ടേഡ് അക്കൗണ്ടന്റ് കമ്പനിയെ കൺസൽറ്റന്റായി പണം നൽകി വച്ചപ്പോഴാണ് കടം 780 കോടിയെന്ന് കണ്ടെത്തിയത്.

കെഎസ്ആർടിസിയുടെ 4 ഡിപ്പോകൾ കെടിഡിഎഫ്സിയുടെ പേരിൽ എഴുതി നൽകിയാൽ കിട്ടാക്കടത്തിൽ കുറവുവരുത്തിയെന്ന് കാണിച്ച് റിസർവ് ബാങ്കിന്റെ അനുമതിയോടെ വേറെ ധനകാര്യസ്ഥാപനത്തിൽ നിന്നു വായ്പയെടുത്ത് നിക്ഷേപകരുടെ പണം നൽകാമെന്നൊരു ആലോചന നടന്നെങ്കിലും അതും നടപ്പായില്ല.

കെഎസ്ആർടിസിക്ക് 350 കോടി നൽകാൻ സർക്കാർ പ്രത്യേക ഉത്തരവിലൂടെയാണ് കെടിഡിഎഫ്സിയോട് ആവശ്യപ്പെട്ടത്. അന്ന് 2 ജില്ലാ സഹകരണബാങ്കിൽനിന്നു വായ്പയെടുത്താണ് കെടിഡിഎഫ്സി നൽകിയത്. പിന്നീട് കേരള ബാങ്കിന്റെ ഭാഗമായെങ്കിലും ഈ 2 ജില്ലാ സഹകരണ ബാങ്കുകളും ഇപ്പോൾ പ്രതിസന്ധിയിലായി. കെഎസ്ആർടിസി–കെടിഡിഎഫ്സി തർക്കം തീർക്കാൻ 4 തവണ ചീഫ് സെക്രട്ടറിയും ഒരു തവണ മുഖ്യമന്ത്രിയും യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല.

Leave a Reply

Your email address will not be published. Required fields are marked *