എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരിഗണിച്ചാണ് ഫെമ അഡ്ജുഡികേറ്റിംഗ് അതോറിറ്റി ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസയച്ചത്. 9362.35 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തൽ. ഏപ്രിലിൽ ബൈജുവിനും കമ്പനിക്കും ബന്ധമുള്ളയിടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.
ബൈജു രവീന്ദ്രന്‍റെ വീട്ടിലും തിങ്ക് ആന്‍റ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്‍റെ രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ധനവിനിമയ നിയന്ത്രണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നായിരുന്നു ഇഡി അറിയിച്ചത്. ആരോപണങ്ങൾക്ക് പിൻബലം നൽകുന്ന ഡിജിറ്റൽ രേഖകളടക്കം പിടിച്ചെടുത്തതായും എൻഫോഴ്സ്മെന്‍റ് അറിയിച്ചിരുന്നു. വിവിധ സ്വകാര്യ വ്യക്തികൾ നൽകിയ പരാതികളിലാണ് ബൈജൂസിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പല തവണ ബൈജു രവീന്ദ്രന് സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.
2011 മുതൽ 2023 വരെ ബൈജൂസിന് നേരിട്ടുള്ള വിദേശനിക്ഷേപമായി 28000 കോടി രൂപയാണ് ലഭിച്ചിട്ടുള്ളതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വിദേശത്ത് പലയിടങ്ങളിലായി 9754 കോടി രൂപ ബൈജൂസ് നിക്ഷേപിച്ചിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷത്തെ സാമ്പത്തിക രേഖകൾ ബൈജൂസ് സമർപ്പിച്ചിട്ടില്ല. അക്കൗണ്ടുകളിൽ ഓഡിറ്റും നടത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
കൃത്യമായി ഓഡിറ്റിംഗ് നടത്താതെ, വരവ് ചെലവുകൾ ബോധിപ്പിക്കാതെ, ഒരു ചീഫ് ഫിനാൻസ് ഓഫീസർ പോലുമില്ലാതെയാണ് ബൈജൂസ് നിലനിന്നത്. കൂടുതൽ മൂലധനം സ്വരൂപിക്കാൻ വരുമാനം പെരുപ്പിച്ച് കാട്ടിയും, വിദേശ വിനിമയച്ചട്ടം മറികടന്ന് ഇടപാടുകൾ നടത്തിയും ബൈജൂസിനെ ഇഡിയുടെ നോട്ടപ്പുള്ളിയാക്കി. സ്കൂളുകൾ തുറന്നതോടെ ബൈജൂസിന്‍റെ വരുമാനം ഇടിഞ്ഞു. കൂട്ടപ്പിരിച്ചുവിടലുകളുടെ പേരിൽ ബൈജൂസ് ധാരാളം പഴി കേട്ടു. കമ്പനിയുടെ പല ഓഹരിയുടമകളും ഡയറക്ടർ ബോർഡിൽ നിന്ന് രാജി വച്ചു. പ്രോസസ് എൻവി എന്ന ഡച്ച് നിക്ഷേപകർ ബൈജൂസിന്‍റെ സാമ്പത്തിക ഘടന തന്നെ താളം തെറ്റിയതാണെന്ന വിമർശനവുമായി രംഗത്ത് വന്നിരുന്നു.
ബൈജൂസിന്‍റെ തകർച്ചയെക്കുറിച്ച് ബ്ലൂംബെർഗ് ദീർഘമായ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഏപ്രിലിൽ ഇഡി റെയ്ഡുകളുടെ സമയത്ത് ദുബായിലായിരുന്ന ബൈജു രവീന്ദ്രൻ നിക്ഷേപകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. തകർച്ചയുടെ പടവുകൾ കണ്ടതോടെയാണ് ബെംഗളൂരുവിലെ കല്യാണി ടെക് പാർക്കിലെയും പ്രസ്റ്റീജ് ടെക് പാർക്കിലെയും വൻകിട ഓഫീസ് സമുച്ചയങ്ങൾ ബൈജൂസ് ഒഴിഞ്ഞത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൈജൂസിന്‍റെ ട്യൂഷൻ സെന്‍റർ ഉപഭോക്താക്കളിൽ പകുതി പേരും റീഫണ്ട് ആവശ്യപ്പെട്ടതായാണ് കമ്പനി ആഭ്യന്തര റിപ്പോർട്ട് തന്നെ പറയുന്നത്. നവംബർ 9, 2021 മുതൽ ജൂലൈ 11, 2023 വരെയുള്ള കണക്കുകൾ ‘മണി കൺട്രോൾ’ എന്ന സാമ്പത്തിക വാർത്താ വെബ്സൈറ്റാണ് പുറത്ത് വിട്ടത്. 43,625 റീഫണ്ട് റിക്വസ്റ്റുകൾ ഈ കാലയളവിനുള്ളിൽ ലഭിച്ചതായി കമ്പനിയുടെ തന്നെ ആഭ്യന്തര കണക്കുകൾ വ്യക്തമാക്കുന്നു.