നികുതി അടയ്ക്കുന്ന വ്യാപാരികളെ കെട്ടിട നികുതിബാധ്യതയിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഗുണം ലഭിക്കാതെ 4 ലക്ഷംപേർ

കോംപസിഷൻ സ്കീമിൽ നികുതി അടയ്ക്കുന്ന വ്യാപാരികളെ കെട്ടിട വാടകയ്ക്കുമേലുള്ള 18% നികുതിബാധ്യതയിൽ നിന്ന് ഒഴിവാക്കിയെങ്കിലും സംസ്ഥാനത്ത് അതിന്റെ ഗുണം ലഭിക്കുക അരല‌ക്ഷത്തോളം വ്യാപാരികൾക്കു മാത്രം. 4 ലക്ഷത്തോളം വ്യാപാരികൾ അപ്പോഴും തങ്ങൾ നൽകുന്ന വാടകയ്ക്കുമേൽ 18% ജിഎസ്ടി കൂടി നൽകേണ്ട സ്ഥിതി തുടരുകയാണ്.

പിതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകയില്ലാതെ മകൻ കച്ചവടം ചെയ്താൽ പോലും പ്രദേശത്തെ വാടക കണക്കാക്കി 18% നികുതി നൽകേണ്ടി വരുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. സ്വന്തം കെട്ടിടത്തിൽ കച്ചവടം നടത്തിയാൽ വാടകയിലുള്ള നികുതി നൽകേണ്ടതില്ല. വ്യാപാരിക്കും കെട്ടിട ഉടമയ്ക്കും ജിഎസ്ടി ഇല്ലെങ്കിലും വാടകയിലുള്ള നികുതി നൽകേണ്ടതില്ല.

ആദ്യം കെട്ടിട ഉടമയ്ക്കു ജിഎസ്ടി റജിസ്ട്രേഷൻ ഉണ്ടെങ്കിൽ മാത്രമാണു വാടകയ്ക്കു നികുതി നൽകേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ കെട്ടിട ഉടമയ്ക്കു റജിസ്ട്രേഷൻ ഇല്ലെങ്കിലും വ്യാപാരിക്കു റജിസ്ട്രേഷൻ ഉണ്ടെങ്കിൽ വ്യാപാരി നികുതി നൽകണം. കെട്ടിട ഉടമയ്ക്കു വർഷം 20 ലക്ഷം രൂപയിലധികം വാർഷിക വാടക വരുമാനം ഉണ്ടെങ്കിൽ മാത്രമേ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ടതുള്ളൂ. അതുകൊണ്ടു തന്നെ കേരളത്തിലെ ഭൂരിഭാഗം കെട്ടിട ഉടമകൾക്കും റജിസ്ട്രേഷൻ ഇല്ല. ഇതുമൂലമുണ്ടാകുന്ന നികുതി നഷ്ടമാണു വ്യാപാരികളുടെ തലയിൽ അടിച്ചേൽപിച്ചിരിക്കുന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതിയുൾപ്പെടെയുള്ള സംഘടനകൾ സമരങ്ങൾ നടത്തിയതിന്റെ ഫലമായാണു കോംപസിഷൻ സ്കീമിൽ നികുതി അടയ്ക്കുന്ന വ്യാപാരികളെ മാത്രം ഇതിൽ നിന്ന് ഒഴിവാക്കിയത്. ഇവർക്കു നികുതിയുടെ ഇൻപുട് ക്രെഡിറ്റ് എടുക്കാനായിരുന്നില്ല എന്ന വസ്തുത പരിഗണിച്ചാണു തീരുമാനം. പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ടുപോകുമ്പോഴാണു ചെറിയൊരു വിഭാഗത്തിനു മാത്രം ഇളവു നൽകിയ കൗൺസിൽ തീരുമാനം വന്നത്. എന്നാൽ മുഴുവൻ വ്യാപാരികൾക്കും വാടകയ്ക്കുമേലുള്ള നികുതിയിൽ നിന്ന് ഇളവ് അനുവദിക്കുന്നതുവരെ കേന്ദ്ര സർക്കാരിൽ സമ്മർദം തുടരുമെന്നും രാജു അപ്സര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *