നടപ്പു സാമ്പത്തിക വർഷം 1.5 ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി പി.രാജീവ്.

നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 1.5 ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി പി.രാജീവ്. 1,22,560 യൂണിറ്റുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. എത്തിയ നിക്ഷേപം 7495.52 കോടി രൂപ. സൃഷ്ടിക്കപ്പെട്ടത് 2,64,319 തൊഴിൽ അവസരങ്ങൾ. 39,282 വനിതാ സംരംഭക യൂണിറ്റുകൾ ആരംഭിച്ചു. 1492 കോടി രൂപയാണ് ഇതു വഴിയുള്ള നിക്ഷേപം. വനിതാ സംരംഭങ്ങളിലൂടെ 78,311 പേർക്കു തൊഴിൽ ലഭിച്ചു.  

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പു 21നു സംരംഭക മഹാസംഗമം സംഘടിപ്പിക്കും. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മൈതാനിയിൽ രാവിലെ 11 നു നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പതിനായിരത്തിലേറെ ചെറുകിട സംരംഭകർ പങ്കെടുക്കും

സംരംഭർക്കായി എംഎസ്എംഇ ഇൻഷുറൻസ് ആലോചിക്കുന്നു. അവർക്കു കൂടുതൽ വായ്പ ലഭ്യമാക്കാനും സൗകര്യം ഒരുക്കും. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത്; 12,710. എറണാകുളം രണ്ടാം സ്ഥാനത്ത്; 11,826 യൂണിറ്റുകൾ. ഇടുക്കി, കാസർകോ‍ട് ജില്ലകളാണ് പിന്നിൽ. സംരംഭക വർഷം പദ്ധതി ഒരു വർഷം കൂടി തുടരാനാണ് ആലോചന. കേരള ബ്രാൻഡ് ഉൽപന്ന വിൽപനയ്ക്കായി ഓൺലൈൻ പ്ലാറ്റ്ഫോം അടുത്ത സാമ്പത്തിക വർഷം സജ്ജമാകും. അയ്യമ്പുഴയിൽ ഗിഫ്റ്റ് സിറ്റിക്കായി 352 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനായി 850 കോടി രൂപ കൈമാറാൻ അനുമതിയായി. 2 മാസത്തിനുള്ളിൽ സ്ഥലമെടുപ്പു പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *