റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന ബാങ്കുകളും എൻബിഎഫ്സികളും ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കെതിരേ ഉപഭോക്താക്കൾ നൽകുന്ന പരാതികൾ പരിഹരിക്കുന്നതിനുള്ള ഏകജാലക സംവിധാനമാണ് റിസർവ് ബാങ്ക് സംയോജിത ഓംബുഡ്സ്മാൻ സ്കീം അഥവാ റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം. ആര്‍ബിഐയുടെ കീഴിലുണ്ടായിരുന്ന മൂന്ന് ഓംബുഡ്‌സ്മാന്‍ സ്കീമുകളെ, ഒറ്റ സംവിധാനമാക്കിയ ഈ പദ്ധതിക്ക് 2021 നവംബറിലാണ് തുടക്കമായത്.
സേവനങ്ങളുമായി ബന്ധപ്പെട്ട് അതാത് ധനകാര്യ സ്ഥാപനങ്ങളിൽ നൽകിയ പരാതിയിൽ 30 ദിവസത്തിനകം പരിഹാരമോ അനുബന്ധ നടപടികളോ എടുക്കാതിരിക്കുകയോ അല്ലെങ്കിൽ പരാതി നിരസിക്കുകയോ ചെയ്യുമ്പോഴാണ് ഉപഭോക്താവിന് ഓംബുഡ്സ്മാനെ സമീപിക്കാൻ കഴിയുന്നത്. ഈ സേവനം പൂർണമായും സൗജന്യമാണ്. ഓംബുഡ്സ്മാൻ വിഷയത്തിൽ ഇടപെട്ടാൽ പരാതിക്ക് വിധേയമായ ധനകാര്യ സ്ഥാപനം 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് വ്യവസ്ഥ.
ആര്‍ബിഐയുടെ നിയന്ത്രണത്തിന് കീഴില്‍ വരുന്ന അർബൻ സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരേയും ഉള്ള പരാതികൾ ഒൺലൈനായും തപാൽ മുഖേനയും സമർപ്പിക്കാവുന്നതാണ്. https://cms.rbi.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതി ഉപഭോക്താക്കൾക്ക് ഓൺലൈനായി നൽകാം. അതേസമയം ‘സെൻട്രലൈസ്ഡ് റെസീപ്റ്റ് & പ്രോസസിങ് സെന്റർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ചണ്ഡിഗഢ് – 160017’ എന്ന മേൽവിലാസത്തിലേക്ക് തപാൽ മുഖേനയും പരാതി സമർപ്പിക്കാം.