കേരളത്തിന്റെ ആവശ്യങ്ങൾ പഠിച്ച്, 16–ാം കേന്ദ്ര ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ ധന വകുപ്പിൽ അഡിഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 13 പേരടങ്ങിയ ധനകാര്യ കമ്മിഷൻ സെൽ രൂപീകരിച്ചു. ആസൂത്രണ ബോർഡ് അംഗങ്ങൾ അടക്കം പങ്കാളികളാകുന്ന വിവിധ സമിതികളും രൂപീകരിക്കും. 2026–27 മുതലാണ് പുതിയ കമ്മിഷന്റെ ശുപാർശകൾ പ്രാബല്യത്തിലാകുക.
കേന്ദ്ര നികുതി വിഹിതം വർധിപ്പിക്കണമെന്നതാണ് പുതിയ കമ്മിഷനു മുന്നിൽ സംസ്ഥാനത്തിന്റെ മുഖ്യ ആവശ്യം. 10–ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കേന്ദ്രത്തിൽ നിന്നു 3.875% വിഹിതം കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ 1.925 % മാത്രമായി. ഇതു മൂലം 10,000 കോടിയോളം രൂപയാണ് ഓരോ വർഷവും നഷ്ടപ്പെടുന്നത്.