അടുത്ത വർഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കൻ പ്രദേശത്തുള്ള എം എൽ എമാർക്ക് വീതിയേറിയ 6 വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാൻ കഴിയുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. ഒരിക്കലും നടപ്പിലാക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച, 2016 നു മുൻപ് സർക്കാർ ഉപേക്ഷിച്ച ദേശീയ പാതാ വികസനമാണ് യാഥാർത്ഥ്യമാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2025 അവസാനത്തോടെ ദേശീയ പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 6000 കോടിയോളം രൂപയോളം നാഷണൽ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സർക്കാർ നൽകി.ഇത് കൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും ദ്രുതഗതിയിൽ മുന്നേറുകയാണെന്ന് ധനമന്ത്രി പറഞ്ഞു.